കരിയാട് ഇനി കാമറ കണ്ണുകളില്‍ ഭദ്രം
പെരിങ്ങത്തൂര്‍: നാട്ടുകാര്‍ ഒരുമിച്ചപ്പോള്‍ കരിയാട് ഇനി കാമറ കണ്ണുകളില്‍ ഭദ്രം. നാട്ടൊരുമ കരിയാടിന്റെയും ചൊക്ലി പൊലിസിന്റെയും സഹകരണത്തോടെ ഒരുക്കിയ ജനകീയ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കരിയാട് മേഖലയില്‍ വിവിധ പ്രദേശങ്ങളിലായി ആറു ലക്ഷത്തോളം രൂപ ചെലവഴിച്ചു 19 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ചൊക്ലി പൊലിസ് സ്റ്റേഷനില്‍ നിന്നും നിരീക്ഷിക്കാന്‍ കഴിയും വിധമാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
കരിയാട് സി.എച്ച് മൊയ്തു മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തലശേരി അസിസ്റ്റന്റ് പൊലിസ് സുപ്രണ്ട് ചൈത്ര തെരെസ ജോണ്‍ ഐ.പി.എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പാനൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി റംല അധ്യക്ഷയായി.
നാട്ടൊരുമ സെക്രട്ടറി കെകെ ഭരതന് റിപ്പോര്‍ട്ട് തരിപ്പിച്ചു. പദ്ധതി ഏറ്റവും മികച്ച രീതിയില്‍ ഒരുക്കിയ ചീഫ് കോഡിനേറ്റര്‍ അഷറഫ് വെളളാംവെള്ളിക്ക് നാട്ടൊരുമ കരിയാടിന്റെ സ്നേഹോപഹാരം ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ് കൈമാറി.
ജനകീയ കൂട്ടായ്മയ്ക്ക് നാട്ടൊരുമ കരിയാട് എന്ന പേര് നിര്‍ദേശിച്ച ഹാഫിസ് കണ്ണൊത്തിനുള്ള ഉപഹാരം എന്‍.എ കരീമിനും, ലോഗോ രൂപകല്പന ചെയ്ത മുര്‍ഷിദ് കുഞ്ഞിമ്മൂസക്കുള്ള ഉപഹാരം കെ.വി റംലയും നല്കി.
പ്ലസ് ടു, എസ്.എസ്.എല്‍.സി ഉന്നത വിജയികളെ ചടങ്ങില്‍ വച്ചു അനുമോദിച്ചു. ചടങ്ങിനെത്തിയവര്‍ക്ക് പ്രത്യേകനറുക്കെടുപ്പിലൂടെ 40 കുടകള്‍ വിതരണം ചെയ്തു. നഗരസഭ കൗണ്‍സിലര്‍മാരായ പി.കെ രാജന്, കെ.പി ഹസീന, കെ. ഉമ്മുസല്‍മത്ത്, ചൊക്ലി സബ് ഇന്‍സ്പെക്ടര്‍ പി.സി സഞ്ജയ് കുമാര്‍, എം. സുധാകരന്, എന്‍.എ കരിം, ശബരി രാജന്, ടി.കെ കുഞ്ഞബ്ദുല്ല, പി. പ്രഭാകരന്, എന്‍. ശ്രീധരന്, ഹാരിസ് ഏലിയാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."