പൊതുവിദ്യാലയങ്ങളില്‍ പുസ്തകങ്ങളുടെ വസന്തം വരുന്നു
വളപട്ടണം: കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ വായനയുടെ വിപുലമായ സൗകര്യങ്ങളൊരുക്കി, പുസ്തകങ്ങളുടെ വസന്തം തീര്‍ക്കാന്‍ പദ്ധതി തയ്യാറായി കഴിഞ്ഞെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി മോഹന്‍കുമാര്‍ പറഞ്ഞു.
വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെയും കണ്ണൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും വായനപക്ഷാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ ലൈബ്രറികള്‍ പൂട്ടിക്കിടക്കുന്ന അവസ്ഥ ഇനി ഉണ്ടാവില്ല. സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും കേന്ദ്ര ലൈബ്രറികളും, ക്ലാസ് മുറി ലൈബ്രറികളും സജ്ജീകരിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ലൈബ്രറി ചാര്‍ജുള്ള അധ്യാപകര്‍ക്ക് പുസ്തകങ്ങള്‍ കേടായതിന്റെ പേരില്‍ ഒരു ബാധ്യതയും ഇനിമുതല്‍ ചുമത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കുട്ടികള്‍ക്കായുള്ള ആസ്വാദനക്കുറിപ്പ് ഡയറികളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ലളിതാദേവി ചടങ്ങില്‍ അധ്യക്ഷയായി. വായനദിനത്തിന്റെ ഭാഗമായ പുസ്തക വിചാരത്തില്‍ കെ.വി മോഹന്‍കുമാറിന്റെ ഉഷ്ണരാശി എന്ന നോവലിനെ പറ്റി പി.കെ പരിമള ആമുഖ സംഭാഷണം നടത്തി.
തുടര്‍ന്ന് വളപട്ടണത്തെ വിവിധ സ്‌കൂളുകളിലെ കുട്ടികളുമായി അദ്ദേഹം സംവദിച്ചു. കണ്ണൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഇ. ചന്ദ്രന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി വസന്ത, വി.പി നൗഷാദ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി ഷക്കീല്‍, പഞ്ചായത്തംഗം എ.ടി സമീറ, പഞ്ചായത്ത് സെക്രട്ടറി ടി.കെ ബീന, ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സി. ശോഭ, എളയടത്ത് അശ്രഫ്, കുട്ടികളുടെ പ്രതിനിധി നദ മറിയം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."