ഹീര ഗ്രൂപ്പിന്റെ നിക്ഷേപ തട്ടിപ്പ്: ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും
കോഴിക്കോട്: ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച ഹീര ഗ്രൂപ്പിന്റെ നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്.
ചെമ്മങ്ങാട് പൊലിസ് അന്വേഷിച്ചിരുന്ന കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ഹീര ഗ്രൂപ്പ് മലബാറിലെ വിവിധ ജില്ലകളില്‍ നിന്നായി 25 കോടിയോളം രൂപയാണ് തട്ടിയത്. പലിശക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ കോഴിക്കോട് കുറ്റിച്ചിറ, ഫ്രാന്‍സിസ് റോഡ് ഭാഗങ്ങളിലെ പ്രവാസി മലയാളികളാണ് ഏറ്റവുമധികം വഞ്ചിക്കപ്പെട്ടത്.
അഞ്ചുമാസമായി ചെമ്മങ്ങാട് സ്റ്റേഷനിലെ മറ്റു ജോലികള്‍ക്കിടെ ഇത്രയും വലിയ തട്ടിപ്പിന്റെ അന്വേഷണം സ്റ്റേഷനിലെ എസ്.ഐയായിരുന്നു അന്വേഷിച്ചിരുന്നത്. അത് കൊണ്ടുതന്നെ ഇതുവരെ കേസുമായി ബന്ധപ്പെട്ട് ഒരു പുരോഗതിയും വരുത്താന്‍ പൊലിസിന് സാധിച്ചിരുന്നില്ല.
ഇത് ചൂണ്ടിക്കാട്ടി കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹീര വിക്റ്റിംസ് ഫോറം അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നടപടിയെടുത്തത്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ദിവസം കമ്മിഷണര്‍ക്ക് കൈമാറുമെന്ന് ചെമ്മങ്ങാട് എസ്.ഐ ടി.ലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 നായിരുന്നു പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുവരെ 45 പേരാണ് രേഖാമൂലം പരാതി നല്‍കിയത്. ഇതില്‍ 40 പേരുടെ മൊഴിമാത്രമേ പൊലിസ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ. ഏകദേശം 500 ല്‍ കൂടുതല്‍ പേര്‍ തട്ടിപ്പിന്നിരയായതായാണ് നിഗമനം.
ഈ സാഹചര്യത്തില്‍ ഹീര ഗ്രൂപ്പ് സി.ഇ.ഒ നൗഹീര ഷെയ്ഖിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ടുപോകാന്‍ പൊലിസ് തീരുമാനിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചെമ്മങ്ങാട് എസ്.ഐയുടെ നേതൃത്വത്തില്‍ ഹൈദരാബാദിലെത്തിയിരുന്നു. എന്നാല്‍ ഹൈദരാബാദിലെ പ്രാദേശിക സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു കേസുകളില്‍ റിമാന്‍ഡിലായ പ്രതി വനിതാജയിലില്‍ തടവില്‍ കഴിയുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ പ്രതിയെ വിട്ടു നല്‍കിയില്ല.
ഇതുകാരണം രണ്ടു തവണ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള പൊലിസ് ശ്രമം വിഫലമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."