ആദ്യ വിമാനം പുറപ്പെട്ടു; അബുദാബിയില്‍ നിന്ന് ആളുകളെ എടുത്ത് തിരിച്ചുവരും
നെടുമ്പാശ്ശേരി: പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിന്ന് ആദ്യ വിമാനം പുറപ്പെട്ടു. ഉച്ചയ്ക്ക് 12.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്. അബുദാബിയില്‍ നിന്ന് 179 പേരുമായി വിമാനം തിരിച്ചുവരും. രാത്രി 9.40 നാണ് വിമാനം കൊച്ചിയിലെത്തുക.
ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍പ് വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന ചില ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്നീട് കൊവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യം കണക്കിലെടുത്ത് ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
പരിശോധനയ്ക്ക് 10 അംഗ സംഘം
വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പത്തംഗ സംഘമാണ് യാത്രക്കാരെ പരിശോധിക്കുക. പത്ത് പേരടങ്ങുന്ന മറ്റൊരു സംഘവും സജ്ജമായി നില്‍ക്കും. പി.പി.ഇ കിറ്റുകള്‍ ധരിച്ചായിരിക്കും ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധനകള്‍ക്ക് ഹാരജരാകുക.
രോഗ ലക്ഷണമുണ്ടെങ്കില്‍ ആശുപത്രിയിലേക്ക്
പ്രാഥമിക പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരില്‍ എറണാകുളം ജില്ലയിലുള്ളവരെ ആലുവ ജില്ലാ ആശുപത്രിയിലേക്കും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ അതാത് ജില്ലകളില്‍ സജ്ജമാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രവാസികളെ കൊണ്ടുപോകേണ്ട ജില്ലകളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ വിമാനത്താവളത്തില്‍ തയാറാക്കി നിര്‍ത്തും. രോഗ ലക്ഷണമില്ലാത്തവരെ കളമശ്ശേരി രാജഗിരി കോളജിലെ ഹോസ്റ്റലിലേക്ക് മാറ്റും.
ഒരുക്കങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം
കൊവിഡ് 19 ന്റെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോളിന് വിധേയമായാണ് സിയാല്‍ അധികൃതര്‍ വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. അറൈവല്‍ ഭാഗത്ത് തെര്‍മല്‍ സ്‌കാനര്‍ ഘടിപ്പിച്ച വാതിലിലൂടെയാണ് യാത്രക്കാരെ ടെര്‍മിനലിലേക്ക് കടത്തിവിടുന്നത്. വിമാനമിറങ്ങി ടെര്‍മിനലിലേക്ക് വരുന്ന യാത്രക്കാര്‍ പാലിക്കേണ്ട അകലം മനസിലാക്കാനായി ഈ ഭാഗത്ത് മഞ്ഞ നിറത്തില്‍ പ്രത്യേകമായി മാര്‍ക്കിങ് നടത്തിയിട്ടുണ്ട്. തുണി കുഷ്യനുകളും മറ്റും ഒഴിവാക്കി പൂര്‍ണമായും പ്ലാസ്റ്റിക് കസേരകളാണ് യാത്രക്കാര്‍ക്കുള്ള വിശ്രമ സ്ഥലത്ത് ഒരുക്കിയിട്ടുള്ളത്. പലതവണ മോക്ഡ്രില്‍ നടത്തി ക്രമീകരണങ്ങളില്‍ പാളിച്ചകളില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.
പ്രവാസികള്‍ക്കായി കളമശ്ശേരി രാജഗിരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കളമശ്ശേരി: വിദേശത്ത് നിന്നും തിരിച്ചെത്തുന്ന പ്രവാസികളെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെയും ക്വാറന്റൈന്‍ ചെയ്യുന്നതിന് കളമശ്ശേരി രാജഗിരിയിലെ ഹോസ്റ്റലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജഗിരി ഹോസ്റ്റലില്‍ ഫസ്റ്റ് ക്ലാസ് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എസ്.സുഹാസ് പറഞ്ഞു. 70 പേര്‍ക്ക് താമസിക്കാവുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കട്ടില്‍, കിടക്ക, പ്ലേറ്റുകള്‍, ബ്രഷ്, പേസ്റ്റ്, ബക്കറ്റ്, ടൗവല്‍, സോപ്പുകള്‍ ഉള്‍പ്പെടെ ഒരാള്‍ക്ക് ആവശ്യമായ 14 ഇനങ്ങള്‍ മുറികളില്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് നേരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഭക്ഷണവും നഗരസഭ ഒരുക്കി കൊടുക്കും.
കരിപ്പൂരിലേക്ക് രാത്രി 10.30ന്
പ്രവാസികളുമായി ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം ഇന്ന് രാത്രി 10.30 ന് കരിപ്പൂരിലെത്തും. മലപ്പുറം ജില്ലയുള്‍പ്പെടെ ഒന്‍പത് ജില്ലകളിലെ യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടാകുക. ഇതില്‍ മലപ്പുറം ജില്ലയില്‍ നിന്ന് 82 യാത്രക്കാരാണുളളത്. പാലക്കാട് എട്ട്, കോഴിക്കോട് 70, വയനാട് 15, കണ്ണൂര്‍ ആറ്, കാസര്‍കോട് നാല്, കോട്ടയം ഒന്ന്, ആലപ്പുഴ രണ്ട്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."