ഉരുള്‍പൊട്ടല്‍ ഭീഷണി
ആലക്കോട്: അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ പുല്ലംവനം മലയില്‍ അനധികൃത മണ്ണെടുപ്പും പാറപൊട്ടിക്കലും സജീവം. പുതുതായി കരിങ്കല്‍ ക്വാറി തുടങ്ങാന്‍ സ്വകാര്യ വ്യക്തി അപേക്ഷ നല്‍കിയ പ്രദേശത്തിനു മുകള്‍ ഭാഗത്താണ് കൂറ്റന്‍ പാറക്കെട്ട് തകര്‍ക്കാനുള്ള ശ്രമം നടക്കുന്നത്. പാറക്കെട്ടിനു ചുവട്ടില്‍ പത്തു മീറ്ററോളം ആഴത്തില്‍ തീര്‍ത്ത കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ ഇവിടെനിന്ന് വലിയ തോതില്‍ മണ്ണിടിഞ്ഞ് താഴേക്ക് കുത്തിയൊഴുകി. കുഴിയിലെ വെള്ളക്കെട്ട് ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പാറക്കെട്ടിന്റെ ചുവട്ടിലെ മണ്ണ് നീക്കിയതിനാല്‍ കൂറ്റന്‍ പാറകള്‍ എപ്പോള്‍ വേണമെങ്കിലും താഴ്‌വാരത്തേക്ക് ഉരുണ്ടിറങ്ങുമെന്നും നാട്ടുകാര്‍ ഭയപ്പെടുന്നു. 40 ഡിഗ്രിയിലേറെ ചെരിവുള്ള ഇവിടെ മുമ്പ് പല പ്രാവശ്യം മലയിടിച്ചിലും ഉരുള്‍പൊട്ടലും പാറ ഉരുണ്ടിറങ്ങി നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ട്, ജാനകിപ്പാറ വെള്ളച്ചാട്ടം, അയ്യന്‍മട ഗുഹ ഇവയോട് ചേര്‍ന്ന സ്ഥലത്താണ് മണ്ണുമാന്തി യന്ത്രവും പാറപൊട്ടിക്കുന്ന ഉപകരണങ്ങളുമുപയോഗിച്ച് നിയമവിരുദ്ധമായി മലയിടിച്ച് പാറ പൊട്ടിക്കുന്നത്. പ്രദേശത്ത് കരിങ്കല്‍ ക്വാറി തുടങ്ങുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സമരങ്ങള്‍ നടന്നു വരുന്നതിനിടെയാണ് മലയിടിക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."