രാജ്യം ആരു ഭരിക്കണം; കന്നി വോട്ടുകള്‍ നിര്‍ണായകം
ന്യൂഡല്‍ഹി: രാജ്യം അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആരു ഭരിക്കണമെന്ന് തീരുമാനിക്കുക ലോക്സഭയിലെ കന്നി വോട്ടര്‍മാര്‍. 29 സ്ഥാനങ്ങളിലായി 282 സീറ്റുകളിലാണ് ആദ്യമായി ലോക്സഭയിലേക്ക് വോട്ടു ചെയ്യുന്നവര്‍ നിര്‍ണായകമാവുക.
കേരളത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ 17ലും വിധി നിശ്ചയിക്കുക കന്നിക്കാരാവും. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ കന്നി വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുക. ആകെയുളള 42 സീറ്റുകളില്‍ 32. തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകള്‍ പ്രകാരമാണ് ഈ കണക്കുകള്‍.
1997നും 2001നും ഇടയില്‍ ജനിച്ചവരാണ് ഈ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടുരേഖപ്പെടുത്തുക. ഇതില്‍ ചിലര്‍ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്തവരാണ്. ശരാശരി 1.49 ലക്ഷം പേരാണ് ഓരോ മണ്ഡലത്തിലും പുതിയ വോട്ടര്‍മാരായുള്ളത്. 18നും 22നും ഇടയിലാണ് ഇവരുടെ പ്രായം.
2014ലെ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ഥി ജയിച്ച മണ്ഡലങ്ങളിലാണ് ഇവരുടെ സാന്നിധ്യം നിര്‍ണായകമാവുക. 282 സീറ്റുകളില്‍ ഭൂരിഭാഗത്തിലും പുതിയ വോട്ടര്‍മാരുടെ എണ്ണം ജയിച്ച സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ്.
ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 1.15 ലക്ഷം പുതിയ വോട്ടര്മാരെയുള്ളു. 2014ലെ കണക്കുപ്രകാരം 1.86 ലക്ഷമാണ് ശരാശരി വിജയമാര്‍ജിന്‍. ബിഹാറില്‍ ആകെയുള്ള 40ല്‍ 29 സീറ്റുകളില്‍ കന്നിക്കാര് നിര്‍ണായകമാവും.
മറ്റു സംസ്ഥാനങ്ങള്‍ ഇങ്ങനെ: യു.പി-80ല്‍ 24, കര്‍ണാടക-28ല്‍ 20, തമിഴ്നാട് 39ല്‍ 20, രാജസ്ഥാന് 25ല്‍ 17, ജാര്‍ഖണ്ഡ് 14ല്‍ 13, ആന്ധ്രാപ്രദേശ് 25ല്‍ 12, മഹാരാഷ്ട്ര 48ല്‍ 12, മധ്യപ്രദേശ് 29ല്‍ 11, അസം 14ല്‍ 10.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."