ബന്ദിപ്പൂര്‍ വനത്തിലെ തീപിടിത്തം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍
ഗുണ്ടല്‍പ്പേട്ട്: കര്‍ണാടക ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ ഫെബ്രുവരി അവസാനവാരം ഉണ്ടായ വന്‍ തീപിടിത്തവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. ഗുണ്ടല്‍പ്പേട്ട ചൗഡഹള്ളിയിലെ കര്‍ഷകരായ ഹനുമന്തയ്യ (70), ഗോപയ്യ (60) എന്നിവരെയാണ് വനം-വന്യജീവി വകുപ്പ് അറസ്റ്റു ചെയ്തത്.
കേസില്‍ ഗുണ്ടല്‍പേട്ട കല്ലിപുര അരുണ്‍കുമാര്‍ നേരത്തേ പിടിയിലായിരുന്നു. പ്രതികള്‍ക്കെതിരേ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഫെബ്രുവരി 22ന് അടിക്കാടിനിട്ട തീയാണ് ബന്ദിപ്പൂരില്‍ ഏകദേശം 12,000 ഏക്കര്‍ വനം ചാമ്പലാകുന്നതിന് ഇടയാക്കിയ വന്‍ തീപിടിത്തമായി മാറിയത്. വളര്‍ത്തുമൃഗങ്ങളെ മേയാന്‍ വിടുന്ന ഭാഗങ്ങളില്‍ കടുവകള്‍ ഇറങ്ങുന്നത് ഒഴിവാക്കുന്നതിനാണ് കര്‍ഷകര്‍ അടിക്കാടിനു തീയിട്ടത്.
കൊടുംചൂടില്‍ ഉണങ്ങിനില്‍ക്കുന്ന വനത്തില്‍ വരണ്ട കാറ്റിനിടെ തീ ആളിപ്പടരുകയായിരുന്നു. വനം-ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സേനാംഗങ്ങള്‍ക്കു പുറമേ നൂറുകണക്കിനു സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നു ദിവസങ്ങളോളം അധ്വാനിച്ചാണ് തീയണണച്ചത്. ബന്ദിപ്പൂര്‍ വനത്തിലെ കുണ്ടക്കര, ഗോപാല്‍സ്വാമിബെട്ട റേഞ്ചുകളിലാണ് തീ കനത്ത നാശം വിതച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."