രാഷ്ട്രീയ വൈരാഗ്യത്താലാണെന്ന ആരോപണം ദുര്‍ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊല്ലം: ചിതറയിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗം മുഹമ്മദ് ബഷീറിന്റെ കൊലപാതകം രാഷ്ര്ടീയ വൈരാഗ്യത്തിന്റെ പേരിലാണെന്ന ആരോപണം ദുര്‍ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. രണ്ടു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നെ മര്‍ദിച്ചെന്നു കാട്ടി കേസിലെ പ്രതി ഷാജഹാന്‍ പൊലിസില്‍ നല്‍കിയ പരാതിയുടെ വിവരങ്ങളാണു പുറത്തുവന്നത്. പരാതി കടയ്ക്കല്‍ പൊലിസ് അന്വേഷിച്ച് വരികയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി പ്രതി ഷാജഹാന്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. അന്ന് ഷാജഹാന് വേണ്ടി നിലകൊണ്ടത് ഒരു സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണെന്നും വിവരമുണ്ട്.
ഇതിനിടെ, പകരം വീട്ടാനാണു കൊലപാതകം നടത്തിയതെന്നു പ്രതി ഷാജഹാന്‍ പൊലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇന്നലെ ഷാജഹാനെ ബഷീറിന്റെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തുന്നതിനിടെയാണ് ഈ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ എത്തിയ സമയം ബഷീര്‍ കുളിക്കുകയായിരുന്നുവെന്നും കൊല്ലാനായി തന്നെയാണു കുത്തിയതെന്നും ഷാജഹാന്‍ പൊലിസിനോട് വെളിപ്പെടുത്തി. മരച്ചീനി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബഷീര്‍ മര്‍ദിച്ചതിന്റെ പ്രതികാരമായാണു കൊലപ്പെടുത്തിയതെന്നും ഷാജഹാന്‍ പറഞ്ഞു.
സംഭവം രാഷ്ട്രീയ കൊലപാതകമെന്ന സി.പി.എമ്മിന്റെ ആരോപണം കൊല്ലപ്പെട്ട ബഷീറിന്റെ സഹോദരി സംഭവ ദിവസം തന്നെ നിഷേധിച്ചിരുന്നു. കൂടാതെ കൊലപാതകത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നു വ്യക്തമാക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നതും സി.പി.എമ്മിന് തിരിച്ചടിയായി. കൊലപാതകത്തില്‍ പങ്കില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറയുകയും ചെയ്തിരുന്നു. ആരോപണത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡി.ജി.പിക്ക് പരാതിയും നല്‍കി.
ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കടയ്ക്കലില്‍ ഹര്‍ത്താലും പ്രതിഷേധ പ്രകടനവും നടത്തിയ സി.പി.എം കൊലപാതകം ഏത് വിധേനയും രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം തുടരുകയാണ്. കോടിയേരിക്കു പുറമെ കഴിഞ്ഞ ദിവസം മന്ത്രി ഇ.പി ജയരാജനും രംഗത്തുവന്നത് ഇതിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊലിസിനെ ഉപയോഗിച്ച് സംഭവം രാഷ്ട്രീയ കൊലപാതകമാക്കാനുള്ള നീക്കവും അണിയറിയില്‍ നടക്കുന്നുണ്ട്. ഇതിനിടെ ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കോടതിയില്‍ പൊലിസ് അപേക്ഷ നല്‍കി. കൊലപാതകം രാഷ്ര്ടീയ പ്രേരിതമാണോയെന്ന് പൊലിസ് അന്വേഷിക്കും. സി.പി.എം, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ മൊഴിയും രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."