മുന്നറിയിപ്പില്ലാതെ വീണ്ടും വൈദ്യുതി മുടക്കി: കാഞ്ഞങ്ങാട്ട് ദുരിതക്കയം
കാഞ്ഞങ്ങാട്: നഗരത്തില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കുന്നത് പതിവാകുന്നു. ഇതേ തുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന ആളുകളാണ് ദുരിതത്തിലാകുന്നത്. ഇന്നലെയും വൈദ്യുതി മുടങ്ങിയത് ജനത്തെ ഏറെബുദ്ധിമുട്ടിലാക്കി.
കഴിഞ്ഞ നാല് മാസമായി നഗരത്തില്‍ ഇടക്കിടെ വൈദ്യുതി മുടങ്ങുന്നുണ്ട്. ചില ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ പൂര്‍ണമായും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ്. പലപ്പോഴും മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി മുടക്കം. ഇത് വ്യാപാരികളെയാണ് ഏറെ ദുരിതത്തിലാക്കുന്നത്.
ഒരു മാസത്തില്‍ 15 ദിവസത്തോളം ഇങ്ങനെ വൈദ്യുതി മുടങ്ങുന്നതായി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ദീര്‍ഘനേരം വൈദ്യുതി മുടക്കുന്നതിനു വ്യക്തമായ കാരണം ഉണ്ടാകണമെന്നും ഇത് പത്രമാധ്യമങ്ങളില്‍ ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കണമെന്നും നിയമമുണ്ടെങ്കിലും മാതൃകാ സെക്ഷന്‍ ഓഫിസായ കാഞ്ഞങ്ങാട്ടെ ഓഫിസില്‍ ജീവനക്കാര്‍ക്ക് ഇതൊന്നും ബാധകമല്ലാത്ത അവസ്ഥയാണ്. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതോടെ സെക്ഷന്‍ ഓഫിസിലേക്കു ഫോണ്‍ കോളുകളുടെ പ്രവാഹം ഉണ്ടാകുന്നതോടെ ഫോണ്‍ റസീവര്‍ താഴെ എടുത്തുവച്ച് ജീവനക്കാര്‍ മുങ്ങുന്നതായും ഉപഭോക്താക്കള്‍ പറയുന്നു.
ഇന്നലെയും കാഞ്ഞങ്ങാട്ട് രാവിലെയോടെ തന്നെ വൈദ്യുതി മുടങ്ങി. തുടര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും വൈദ്യുതി തിരികെ തിരികെ വരാത്തതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ വൈകുന്നേരം അഞ്ചിന് ശേഷം മാത്രമേ വൈദ്യുതി വരികയുള്ളൂവെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ മുന്നറിയിപ്പില്ലാതെ ദീര്‍ഘനേരം വൈദ്യുതി മുടക്കുന്നത് മുന്‍പേ അറിയിക്കേണ്ടതല്ലേയെന്ന ചോദ്യത്തിന് ഉപഭോക്താക്കളുടെ മൊബൈലില്‍ മെസേജ് വഴി അറിയിച്ചിട്ടുണ്ടെന്നായിരുന്നു ജീവനക്കാരുടെ മറുപടി.
അതേസമയം വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി അക്ഷയ സെന്റര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് എത്തിയ നൂറുകണക്കിനാളുകളാണ് പെടുന്നനെ വൈദ്യുതി നിലച്ചതോടെ ദുരിതത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."