ദേശീയപാത വികസനം: ജില്ലയിലെ 43 ആരാധനാലയങ്ങളെ ബാധിക്കും
കാസര്‍കോട്: ദേശീയപാത വികസനം കാസര്‍കോട് ജില്ലയിലുള്ള 43 ആരാധാനലായങ്ങളെ ബാധിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ഇവയില്‍ എട്ടെണ്ണത്തിന്റെ ചുറ്റുമതില്‍ മാത്രമേ നഷ്ടപ്പെടുകയുള്ളൂവെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സമര്‍പ്പിച്ച അലൈന്‍മെന്റ് സംസ്ഥാന സര്‍ക്കാരിന്റെ പൊതുവായ അംഗീകാരം ലഭിച്ചതാണെന്നും അതുപ്രകാരമാണ് ദേശീയപാത വികസനം സാധ്യമാക്കുന്നതെന്നും മറുപടിയില്‍ പറയുന്നു. ജില്ലയിലെ പ്രധാനപ്പെട്ട ചില ആരാധനാലായങ്ങള്‍ ദേശീയപാത വികസനത്തില്‍ ഇല്ലാതാക്കുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. മന്ത്രിയുടെ മറുപടി പ്രകാരം ദേശീയപാത വികസനത്തിന്റെ അലൈന്‍മെന്റ് മാറ്റാന്‍ സാധ്യതയില്ലെന്നാണ് സൂചന. ദേശീയപാത വികസനത്തിന്റെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കുന്നതിന് മുന്‍പ് കണ്‍സള്‍ട്ടന്റുമാര്‍ വിദഗ്ധ പഠനം നടത്തിയിട്ടുള്ളതാണെന്നും സാങ്കേതിക ആവശ്യകത അനുസരിച്ചും ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ കോഡുകള്‍, മോര്‍ത്ത് മാനദണ്ഡങ്ങള്‍ അനുസരിച്ചും റോഡ് ഉപഭോക്താക്കളുടെ സുരക്ഷയും കൂടി കണക്കിലെടുത്താണ് വിശദമായ രൂപരേഖ നാഷണല്‍ ഹൈവേ ഓഫ് ഇന്ത്യ തയാറാക്കിയതെന്നും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."