ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്: പരിഗണിച്ചത് 22 പരാതികള്‍
കാസര്‍കോട്: ഇന്നലെ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്ങില്‍ പരിഗണിച്ചത് റിയാസ് മൗലവി വധക്കേസ് മുതല്‍ മുന്‍ ഡി.ജി.പിയുടെ വീട്ടിലെ പൂച്ചട്ടി മോഷണം വരെയുള്ള പരാതികള്‍. കമ്മിഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസലിന്റേതായിരുന്നു സിറ്റിങ്.
റിയാസ് മൗലവി വധക്കേസിലെ ഗൂഢാലോചനയില്‍ കര്‍ണാടക എം.പിക്ക് പങ്കുണ്ടെന്ന് കാണിച്ച് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി സമര്‍പ്പിച്ച പരാതിയില്‍ കഴമ്പില്ലെന്ന് കമ്മിഷന്‍ കണ്ടെത്തി. അതേസമയം മറ്റൊരു പരാതിയില്‍ റിയാസ് മൗലവിയുടെ കുടുംബാംഗങ്ങളിലാരും നേരിട്ട് ബന്ധപ്പെടാത്തതിനാലാണ് ആനുകൂല്യം നല്‍കാന്‍ കഴിയാത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചുള്ളതായും കമ്മിഷന്‍ വെളിപ്പെടുത്തി.
മുന്‍ ഡി.ജി.പി കെ.ജെ ജോസഫിന്റെ കണ്ണൂര്‍ കടന്നപ്പള്ളിയിലെ വീട്ടിലെ നഴ്‌സറിയില്‍നിന്ന് മോഷണംപോയ ചെടിച്ചട്ടികള്‍ കണ്ണൂരിലുള്ളൊരു സ്ത്രീയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ അത്തരത്തില്‍ താന്‍ മോഷ്ടിച്ചിട്ടില്ലെന്നും മുന്‍ ഡി.ജി.പി ആയതിനാല്‍ പൊലിസ് തന്നെ പീഡിപ്പിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ വാദം. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കണ്ണൂര്‍ ഐ.ജിയോട് നിര്‍ദേശിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചു.
കമ്മിഷന്‍ നിര്‍ദേശ പ്രകാരം ചെമ്പേരി നിര്‍മല യു.പി സ്‌കൂള്‍ അധ്യാപിക ഷൈബി ജോസഫ് എന്ന അധ്യാപികക്ക് 2011 നവംബര്‍ ഒന്നു മുതല്‍ സേവനം ക്രമപ്പെടുത്തി നല്‍കി.
ബി.പി.എല്ലുകാരെ എ.പി.എല്ലില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് ലഭിച്ച നിരവധി പരാതികളിലും കമ്മിഷന്‍ അനുകൂലമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
സ്‌കോളര്‍ഷിപ്പ് വിവരം സംബന്ധിച്ച് നോട്ടിസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കാത്തതിനാല്‍ സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെട്ടെന്ന പരാതിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നോട്ടിസ് ബോര്‍ഡില്‍ ഇത്തരം വിവരങ്ങള്‍ കര്‍ശനമായും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ഫാത്തിമയാണ് പരാതിക്കാരി. ആകെയുള്ള 22 പരാതികളില്‍ മൂന്നെണ്ണത്തിനാണ് ഇന്ന് തീരുമാനമായത്. ജില്ലയില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് പരാതികള്‍ കുറവാണെന്ന് കമ്മിഷന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."