ചേന്ദമംഗലത്ത് തെരുവുനായ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക്
കൊച്ചി: ചേന്ദമംഗലം പഞ്ചായത്തില്‍ ഇന്നലെ തെരുവ് നായ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കൂട്ടുകാട് കന്നിക്കല്‍ രാജമ്മ (82)യ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ ഇടതുകൈ ഒടിയുകയും വലതുകൈയിലും മൂക്കിലും കടിയേല്‍ക്കുകയും ചെയ്തു. പേ ഇളകിയിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് നാട്ടുകാര്‍ തല്ലിക്കൊന്ന നായയെ പരിശോധനക്കായി മണ്ണൂത്തിയിലെ വെറ്റിനറി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ചതുപ്പേരില്‍ രാജമണി (69), പൊയ്യതുരുത്ത് മേരി (60), ചേന്ദമംഗലം രാഘവനിവാസില്‍ വേണുഗോപാല്‍ (85), എടയക്കുന്നത്ത് അശോകന്‍ (61), തോട്ടുങ്ങപ്പുറത്ത് തങ്കം (72), വിപഞ്ചികയില്‍ മുരളി (42), കല്ലുങ്കല്‍ തങ്കച്ചന്‍ (53), ചാലില്‍ പുത്തന്‍വീട്ടില്‍ സീതാദേവി (64), പുത്തന്‍വീട് സുനില്‍കുമാര്‍ (31), മനമ്പിള്ളിത്തറ അനിത (22), തൈപ്പുരയില്‍ പുഷ്പ (60), കൂട്ടുകാട് വാഴേപ്പറമ്പില്‍ ലാല്‍ജി (42), ചാലിപ്പാലം ചെട്ടിപ്പറമ്പില്‍ സുമതി (64), ചതുപ്പേരില്‍ കൊച്ചമ്മിണിയമ്മ (93) എന്നിവര്‍ക്കാണു കടിയേറ്റത്. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം സാരമായി പരിക്കേറ്റ അശോകന്‍, തങ്കം, മേരി, സീതാദേവി, അനിത, കൊച്ചമ്മിണിയമ്മ, സുമതി, പുഷ്പ, സുനില്‍കുമാര്‍ എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും ലാല്‍ജി, വേണുഗോപാല്‍ എന്നിവര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും ചികിത്സ തേടി.
ചേന്ദമംഗലം, ചാലിപ്പാലം, മനക്കോടം, കൂടുകാട്, ഭരണിമുക്ക് പ്രദേശങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. കലിപൂണ്ടോടിയ നായ രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ആക്രമണം തുടര്‍ന്നു. മുറ്റം അടിച്ചശേഷം വീട്ടിലേക്കു കയറുന്നതിനിടെ രാജമണിക്കാണ് ആദ്യം നായയുടെ കടിയേറ്റത്.
കാലില്‍ കടിയേറ്റ രാജമണി ബഹളംവെച്ചപ്പോഴേക്കും നായ ഓടി. മനക്കോടം ക്ഷേത്രത്തില്‍പോയി വരുന്നവഴിയാണ് തങ്കത്തിനു കടിയേറ്റത്. പിന്നാലെ പച്ചക്കറി വില്‍പനക്കായി ഉന്തുവണ്ടിയുമായി പോയ അശോകനും കടിയേറ്റു. കാലിലെ മാംസം കടിച്ചുപറിച്ച നിലയിലായിരുന്നു. വീടിനു മുന്നില്‍ നിന്ന വേണുഗോപാലിന്റെ കാലിലും തുടയിലും കടിച്ചശേഷമാണ് ബൈക്കില്‍ ഫോണ്‍ചെയ്തുനിന്ന ലാല്‍ജിയുടെ കാലില്‍ നായ കടിച്ചത്. തുടര്‍ന്ന് വീട്ടില്‍ അലക്കിക്കൊണ്ടിരുന്ന മേരിയുടെമേല്‍ ചാടിവീണു. മേരിയുടെ പുറത്താണ് കടിയേറ്റത്.
വീട്ടില്‍ വരാന്തയിലിരിക്കുകയായിരുന്ന രാജമ്മ നായയുടെ കടിയേറ്റുവീണപ്പോള്‍ ഇടതുകൈ ഒടിഞ്ഞു. തുടര്‍ന്ന് ഇരുകൈകളിലും മൂക്കിലും നായ കടിച്ചു. വലതുകൈയിലെ മാംസം വലിച്ചുകീറിയ നിലയിലാണ്. കരച്ചില്‍ക്കേട്ട് ഓടിക്കുടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."