സീറ്റില്ലെന്ന് സൂചന നല്‍കി സി.പി.എം; കിട്ടിയേ തീരൂവെന്ന് ജനതാദള്‍ (എസ്)
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനായുള്ള ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ ജനതാദള്‍ (എസ്) സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം. ഇത്തവണത്തെ സാഹചര്യം കണക്കിലെടുത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഉണ്ടായേക്കില്ലെന്ന സൂചന എല്‍.ഡി.എഫിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മില്‍നിന്നും ജനതാദള്‍ (എസ്) നേതൃത്വത്തിന് നേരത്തെ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ കൊച്ചിയില്‍ ജനതാദള്‍ (എസ്) സംസ്ഥാന കമ്മിറ്റി ചേര്‍ന്നത്.
കഴിഞ്ഞ തവണ കോട്ടയം സീറ്റില്‍ ജനതാദള്‍ (എസ്) മത്സരിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തവണ ലോക്‌സഭാ സീറ്റ് ഉണ്ടായേക്കില്ലെന്നും സഹകരിക്കണമെന്നും സി.പി.എം നേതൃത്വം പാര്‍ട്ടി നേതൃത്വത്തിന് സൂചന നല്‍കി. എന്നാല്‍ നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ഒരു സീറ്റ് ഇത്തവണയും വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് സംസ്ഥാന നേതൃയോഗത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ.
കോട്ടയത്തിനു പകരം എറണാകുളമോ തിരുവനന്തപുരമോ പത്തനംതിട്ടയോ വേണമെന്നാവശ്യപ്പെടാനായിരുന്നു തീരുമാനം. എന്നാല്‍ തിരുവനന്തപുരം സീറ്റില്‍ സി.പി.ഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എറണാകുളം സീറ്റോ പത്തനംതിട്ട സീറ്റോ വേണമെന്ന നിലപാടാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്നുവന്നത്.
ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജിനെ എറണാകുളത്ത് മത്സരിപ്പിക്കുന്നതിനായിട്ടാണ് ഈ സീറ്റ് ആവശ്യപ്പെടുന്നത്.
നിലവിലെ എം.പി കോണ്‍ഗ്രസിലെ പ്രൊഫ കെ.വി തോമസ് തന്നെയായിരിക്കും എറണാകുളത്ത് വീണ്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുക. അങ്ങിനെയെങ്കില്‍ സാബു ജോര്‍ജിനെ മത്സരിപ്പിച്ചാല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്നാണ് ജനതാദള്‍(എസ്) ന്റെ കണക്കൂകൂട്ടല്‍.
എറണാകുളം സീറ്റില്ലെങ്കില്‍ പത്തനംതിട്ട സീറ്റ് വേണമെന്നാണ് അടുത്ത ആവശ്യം. പത്തനംതിട്ട സീറ്റ് ലഭിച്ചാല്‍ മാത്യു ടി. തോമസിനെ മത്സരിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ പത്തനംതിട്ട സീറ്റിനായി എന്‍.സി.പിയും രംഗത്തുണ്ട്. അതിനാല്‍ എറണാകുളമെങ്കിലും കിട്ടിയേ തീരുവെന്നാണ് തീരുമാനം.
സി.പി.എമ്മുമായി ഇന്ന് നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പത്തനംതിട്ടയോ എറണാകുളമോ വേണമെന്ന ആവശ്യം ഉയര്‍ത്താനാണ് തിരുമാനം. സംസ്ഥാന നേതൃയോഗത്തില്‍ സീറ്റു വിഷയം ചര്‍ച്ചയായെന്നും തീരുമാനം ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കുമെന്നുമാണ് യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞത്. ഉഭയകക്ഷി ചര്‍ച്ചയ്ക്കായി നാലംഗ കമ്മിറ്റിയെ നിയോഗിച്ചു. തന്നെക്കൂടാതെ മാത്യു ടി. തോമസ്, നീലലോഹിതദാസന്‍ നാടാര്‍, സി.കെ നാണു എന്നിവരാണ് കമ്മിറ്റിയിലുള്ളത്. സീറ്റ് സംബന്ധിച്ച കാര്യം ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കുമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
കര്‍ഷക ആത്മഹത്യ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടാനും ഇത് സംബന്ധിച്ച് ബാങ്കുകളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചതായും കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."