വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ജോര്‍ജ് എം. തോമസ് എം.എല്‍.എ
മുക്കം: അഗസ്ത്യന്മുഴി കൈതപ്പൊയില്‍ റോഡുമായി ബന്ധപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഴിമതി ആരോപണത്തിന് മറുപടി പറയുന്നതിനായി തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം. മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. വാര്‍ത്താ സമ്മേളനത്തിന്റെ തുടക്കം മുതല്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എം.എല്‍.എ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ഇത് പലഘട്ടങ്ങളിലും ആവര്‍ത്തിക്കുകയും ചെയ്തു.
ഒരു വേള ഒരു മാധ്യമപ്രവര്‍ത്തകനോട് താങ്കള്‍ക്ക് ഭാവിയില്‍ കുറച്ചു കാര്യങ്ങള്‍ ബോധ്യപ്പെടാനുണ്ട് എന്ന തരത്തില്‍ ഭീഷണിയുടെ സ്വരത്തിലാണ് എം.എല്‍.എ സംസാരിച്ചത്. തനിക്കെതിരെ വന്ന വാര്‍ത്ത അസഹിഷ്ണുതയോടെ കാണുന്ന എം.എല്‍.എയുടെ സംസ്കാരത്തിനെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം തനിക്കെതിരെ 13 കോടി രൂപയുടെ ആരോപണമുന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും അത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. മാധ്യമങ്ങള്‍ പക്ഷപാതകരമായാണ് പെരുമാറുന്നത്. ഒരാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അത് ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമധര്‍മമല്ല. തന്നെ കരിവാരിത്തേക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുകയാണെന്നും എം.എല്‍.എ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."