യാത്രക്കാരെ പെരുവഴില്‍ നിര്‍ത്തി കെ.എസ്.ആര്‍.ടി.സി
മാനന്തവാടി: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നുള്ള 25 സര്‍വിസുകള്‍ മുടങ്ങി. കണ്ടക്ടര്‍മാരില്ലാത്തതാണ് ഡിപ്പോക്ക് വരുമാന കുറവും യാത്രക്കാര്‍ക്ക് ദുരിതവും സമ്മാനിച്ചത്.
ഇന്നലെ മാത്രമായാണ് ഇത്രയും സര്‍വീസ് മുടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി കണ്ടക്ടര്‍മാരുടെ കുറവ് രൂക്ഷമാകാന്‍ തുടങ്ങിയിട്ട്. 95 ഷെഡ്യൂളുകളാണ് മാനന്തവാടിയില്‍ നിന്നുള്ളത്. ഇവ സര്‍വീസ് നടത്തണമെങ്കില്‍ 272 കണ്ടക്ടര്‍മാര്‍ വേണം.
മുമ്പ് 247 പേര്‍ ഉണ്ടായിരുന്നെങ്കിലും നിലവില്‍ 193 പേര്‍ മാത്രമാണ് ജോലിക്കെത്തുന്നത്.
പെരുന്നാള്‍ ദിനമായതിനാല്‍ യാത്രക്കാരുടെ വലിയ തിരക്കും ഉണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി സര്‍വീസ് മുടങ്ങിയതോടെ സര്‍വീസ് മുടങ്ങിയ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് നേട്ടമായി. കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിക്കുന്ന കരിമാനി വാളാട്, തലപ്പുഴ വാളാട്, വരയാല്‍, പാതിരിച്ചാല്‍, കുളത്താട പുതുശ്ശേരി, എള്ളുമന്ദം, ഒരപ്പ് റൂട്ടുകളിലും ദീര്‍ഘദൂര യാത്രക്കാരുമാണ് ഏറെ വലഞ്ഞത്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി റൂട്ടുകളിലും സമാന സ്ഥിതിയാണ്.
കണ്ടക്ടര്‍മാരുടെ പി.എസ്.സി ലിസ്റ്റ് തയാറായതിനാല്‍ താല്‍ക്കാലിക നിയമനം നടത്താനാകില്ലെന്ന നിലപാടിലാണ് അധികൃതര്‍. ഫലത്തില്‍ പി.എസ്.സി നിയമനം വരെ യാത്രക്കാര്‍ പെരുവഴിയില്‍ നില്‍ക്കേണ്ടി വരും. മലബാര്‍ മേഖലയില്‍ വരുമാനത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന മാനന്തവാടി ഡിപ്പോയിലാണ് ഈ സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."