പ്രതീക്ഷയോടെ ജില്ലയും 'തിരുനെല്ലി പഞ്ചായത്തും'
മാനന്തവാടി: രൂക്ഷമാകുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയത് വയനാടിന് പ്രതീക്ഷയാകുന്നു. നിലവിലെ സാഹചര്യത്തില്‍ ജില്ലയിലെ ഏറ്റവും പ്രധാന പ്രശ്‌നമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.
ബജറ്റില്‍ തുക വകയിരുത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്നത് തിരുനെല്ലി പഞ്ചായത്തിലെ ജനങ്ങള്‍ക്കാണ്. 1981 മുതല്‍ 2006 ജൂണ്‍ 23 വരെ വന്യമൃഗ ആക്രമണത്തില്‍ 77 പേരാണ് പഞ്ചായത്തില്‍ കൊല്ലപ്പെട്ടത്. 347 പേര്‍ക്ക് പരുക്കേല്‍ക്കുകയും 197 വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. കൂടാതെ 20 കോടിയിലധികം രൂപയുടെ കൃഷിനാശവും പഞ്ചായത്തിലുണ്ടായിട്ടുണ്ട്.
വന്യമൃഗ ശല്യം തടയുന്നതിനായി നിലവിലെ തേക്ക്, യുക്കാലി പ്ലാന്റേഷന്‍ ഒഴിവാക്കി സ്വഭാവിക വനവല്‍ക്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വയനാട് വന്യമൃഗ ശല്യ പ്രതിരോധ കമ്മിറ്റി സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇത് നടപ്പിലാക്കുമെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു.
സ്വഭാവിക വനം വെട്ടിമാറ്റി തേക്ക്, യുക്കാലി എന്നിവ വെച്ച് പിടിപ്പിച്ചതോടെ കാലാവസ്ഥ വ്യതിയാനം മൂലം തീറ്റയും വെള്ളവും ലഭിക്കാതെ വന്യമൃഗങ്ങള്‍ തീറ്റ തേടി ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുകയായിരുന്നു.
വകയിരുത്തിയ തുക ഉപയോഗപ്പെടുത്തി ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികളാവിഷ്‌കരിച്ചാല്‍ വന്യമൃഗ ശല്യം കാരണം പ്രതിസന്ധിയിലായ ജില്ലയിലെ കാര്‍ഷിക മേഖലയുടെ ഉണര്‍വിനും സഹായകമാകും. ബജറ്റ് നിര്‍ദേശങ്ങള്‍ ഏറെ സ്വഗതാര്‍ഹമാണെന്ന് വയനാട് വന്യമൃഗശല്യപ്ര ത്രിരോധ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.സി ജോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."