വരവേല്‍ക്കാന്‍ പൊലിസും ആരോഗ്യ പ്രവര്‍ത്തകരും
കൊച്ചി: വരവേല്‍ക്കാന്‍ ഉറ്റവരാരുമില്ല, കൂട്ടിക്കൊണ്ടുപോകാന്‍ വാഹനങ്ങളില്ല. ആഘോഷപൂര്‍വമുള്ള ആനയിക്കലുമില്ല. ആകെയുള്ളത് ആരോഗ്യ പ്രവര്‍ത്തകരും പൊലിസും പിന്നെ വിമാനത്താവള ജീവനക്കാരും. നാട്ടില്‍ വന്നിറങ്ങിയ പ്രവാസികള്‍ക്ക് ഇത് ആദ്യാനുഭവം.
സാധാരണ ഗതിയില്‍ വിദേശത്തുനിന്ന് പ്രവാസികള്‍ വന്നിറങ്ങുമ്പോള്‍ വിമാനത്താവള കവാടത്തതില്‍ ബന്ധുക്കളുടെ വന്‍ പടതന്നെയുണ്ടാകും. പലപ്പോഴും ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമൊക്കെയുള്ള വന്‍ സംഘം. സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ് ബാഗും പെട്ടിയുമൊക്കെ നിറച്ച ട്രോളിയും തള്ളി പുറത്തെത്തുമ്പോള്‍ ഉറ്റവരുടെ ആലിംഗനം.പിന്നെ വാഹനത്തിന്റെ മുകളിലും ഡിക്കിയിലുമൊക്കെ 'ഗള്‍ഫ് പെട്ടി'യും കെട്ടിവച്ച് ആഘോഷപൂര്‍വമുള്ള യാത്ര. ഏതൊരു പ്രവാസിയും നാട്ടിലേക്ക് വരുമ്പോഴുള്ള സങ്കല്‍പം ഇതാണ്. ഉറ്റവരെ കാണുന്നതിനായി, വിമാനത്തിന്റെ ലാന്‍ഡിങ് പൂര്‍ത്തിയാകും മുന്‍പ് സീറ്റ് ബെല്‍റ്റ് അഴിച്ച് എഴുന്നേല്‍ക്കുന്ന പ്രവാസികള്‍ പതിവ് കാഴ്ചയുമാണ്.
ഇന്നലെ പക്ഷേ, സാക്ഷിയായത് മറ്റൊരു ചിത്രത്തിന്. കേരളത്തിലെ വിമാനത്താവളങ്ങളുടെ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ആളും ആരവവുമില്ലാതെ പ്രവാസികള്‍ വന്നിറങ്ങിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസികളെ വരവേല്‍ക്കാന്‍ ബന്ധുക്കള്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനമുണ്ടാകില്ലെന്ന് സംസ്ഥാന പൊലിസ് മേധാവി ആദ്യംതന്നെ വ്യക്തമാക്കിയിരുന്നു. വീടുകളിലേക്ക് നിരീക്ഷണത്തിന് അയക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും കൊണ്ടുപോകാന്‍ ഒരു ബന്ധുവിന് മാത്രമാണ് അനുമതി നല്‍കിയത്.
മറ്റു പ്രവാസികളെ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ നേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റിയത്. വിമാനത്താവളത്തിലും നിരീക്ഷണ കേന്ദ്രത്തിലും കനത്ത പൊലിസ് കാവലും.
മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.ഇനി ഒരാഴ്ച, ജന്മനാടിന്റെ സുരക്ഷിതത്വത്തില്‍, ഉറ്റവര്‍ തൊട്ടരുകിലുണ്ടെന്ന ആത്മവിശ്വാസത്തില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നിരീക്ഷണ കാലം. അത് രചിക്കുന്നത് കേരളത്തിന്റെ പ്രവാസ ചരിത്രത്തിലെ പുതിയ അധ്യായവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."