കേരളത്തില്‍ വികസിപ്പിച്ച അതിവേഗ കൊവിഡ് പരിശോധന കിറ്റുകള്‍ക്ക് അനുമതി വൈകുന്നു
തിരുവനന്തപുരം: കൊവിഡ് പരിശോധനകള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന അതിനൂതന പരിശോധന കിറ്റുകള്‍ക്ക് ഐ.സി.എം.ആറിന്റെ അനുമതി ലഭിക്കാത്തത് കേരളത്തിന് തിരിച്ചടിയാകുന്നു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ ആളുകളുമെത്തുന്ന സാഹചര്യത്തില്‍ പരിശോധന കിറ്റുകള്‍ക്ക് അനുമതികള്‍ ലഭിക്കാത്തത് വരും ദിവസങ്ങളില്‍ വെല്ലുവിളിയാകും.
നിലവില്‍ ഉപയോഗിക്കുന്ന പി.സി.ആര്‍ സ്രവ പരിശോധനയെക്കാള്‍ വേഗത്തിലും കൃത്യതയിലും ഫലം ലഭിക്കുന്ന ശ്രീചിത്രയുടെ ആര്‍.ടി ലാംപ് കിറ്റാണ് ഇതില്‍ പ്രധാനം. സ്രവത്തിലൂടെ വൈറസിന്റെ എന്‍ ജീന്‍ കണ്ടെത്തി പരിശോധിക്കുന്നതിലൂടെ 10 മിനിറ്റ് കൊണ്ട് ഫലം ലഭിക്കും.
ഐ.സി.എം.ആര്‍ നിര്‍ദേശ പ്രകാരം ശ്രീചിത്രയുടെ ടെസ്റ്റ് കിറ്റ് ആലപ്പുഴയിലെ ദേശീയ വൈറാളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നൂറു ശതമാനം കൃത്യതത രേഖപ്പെടുത്തിയെങ്കിലും ഇതുവരേയും ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടില്ല.
15 മിനിറ്റ് കൊണ്ട് രക്തത്തില്‍നിന്ന് ആന്റിബോഡി കണ്ടെത്തി ഫലം ലഭ്യമാക്കുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച റാപ്പിഡ് ആന്റിബോഡി കിറ്റും എപ്രില്‍ 15 മുതല്‍ ഐ.സി.എം.ആറിന്റെ അനുമതി കാത്തുകിടക്കുന്നു. അതേസമയം ഐ.സി.എം.ആറിന്റെ കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് അനുമതി വൈകുന്നതെന്നതാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ഒരാഴ്ചക്കിടെ പ്രതിദിനം ശരാശരി ആയിരത്തിനടുത്ത് കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."