ട്രെയിനുകളുടെ അനിശ്ചിതത്വം തുടരുന്നു
കോഴിക്കോട്: അതിഥി തൊഴിലാളികളുമായി ഇന്നലെ കോഴിക്കോട്ടുനിന്ന് രാജസ്ഥാനിലേക്ക് പോകേണ്ടിയിരുന്ന പ്രത്യേക ട്രെയിന്‍ സര്‍വിസ് റദ്ദാക്കി. രാജസ്ഥാന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് സര്‍വിസ് റദ്ദാക്കിയത്. ബിഹാറിലേക്കുള്ള രണ്ട് ട്രെയിനുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ബിഹാറിലേക്കും മധ്യപ്രദേശിലേക്കും രണ്ട് സര്‍വിസ് നടത്തി.
2400ഓളം പേരാണ് കഴിഞ്ഞ ദിവസം കേരളത്തില്‍നിന്ന് യാത്രയായത്. ആലപ്പുഴ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായുള്ള രണ്ടാമത്തെ പ്രത്യേക ട്രെയിന്‍ ഇന്നലെ ബിഹാറിലേക്ക് പുറപ്പെട്ടു. മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ 1,140 അതിഥി തൊഴിലാളികളാണ് ഈ ട്രെയിനില്‍ പോയത്. അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളെ സ്വദേശത്ത് തിരിച്ചെത്തിക്കാനുള്ള ട്രെയിന്‍ സര്‍വിസുകള്‍ ഇനി വേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ റെയില്‍വേയെ അറിയിച്ചു. കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ നിര്‍മാണമേഖല ഉടന്‍ സജീവമാക്കുമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നടപടി.
അതിഥി തൊഴിലാളികളെ സ്വീകരിക്കാന്‍ അതത് സംസ്ഥാനങ്ങള്‍ തയാറാതാത്തതു കൊണ്ടാണ് പലപ്പോഴും ട്രെയിന്‍ സര്‍വിസുകള്‍ നിര്‍ത്തിവയ്ക്കേണ്ടിവരുന്നത്. പ്രത്യേകം ഒരുക്കിയ ട്രെയിനുകള്‍ യാത്ര കഴിഞ്ഞ് തിരികെ എത്തേണ്ടതുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ കാരണം നേരത്തെ തീരുമാനിച്ച പ്രകാരം ട്രെയിനുകള്‍ സര്‍വിസ് നടത്താന്‍ പറ്റാത്ത അവസ്ഥയാണ്.
കോഴിക്കോട്ടുനിന്ന് ഇന്ന് ജാര്‍ഖണ്ഡിലേക്ക് പുറപ്പെടേണ്ട ട്രെയിനിന്റെ കാര്യത്തിലും അനിശ്ചിതത്വമാണുള്ളത്. ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിഥി തൊഴിലാളികള്‍ നാട്ടില്‍ പോകണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. എറണാകുളം, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് തൊഴിലാളികള്‍ പുറത്തിറങ്ങി പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."