കരിപ്പൂരില്‍നിന്ന് ദുബൈയിലേക്ക് പറക്കാന്‍ എമിറേറ്റ്‌സും; സുരക്ഷാ പരിശോധന തൃപ്തികരം
കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ദുബൈയിലേക്ക് വലിയ വിമാന സര്‍വിസ് പുനരാരംഭിക്കുന്നതിന് എമിറേറ്റ്‌സ് എയര്‍ നടത്തിയ സുരക്ഷാ പരിശോധന തൃപ്തികരം. ബി 777-300 ഇ.ആര്‍, ബി 777-200 എല്‍.ആര്‍ എന്നിവ ഉപയോഗിച്ച് ദുബൈ സര്‍വിസ് നടത്തുന്നതിനാണ് വിമാന കമ്പനി തയാറെടുക്കുന്നത്. എമിറേറ്റ്‌സ് വൈസ് പ്രസിഡന്റ് മോഹന്‍ ശര്‍മ, സീനിയര്‍ ഫ്‌ളൈറ്റ് ഓപ്പറേഷന്‍ എന്‍ജിനിയര്‍ മന്ദാര്‍ വേലാങ്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇന്നലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി കരിപ്പൂരിലെത്തിയത്.
വിമാനത്താവള റണ്‍വേ, ഏപ്രണ്‍, റിസ അടക്കമുള്ളവ സംഘം സന്ദര്‍ശിച്ചു. പരിശോധനക്ക് ശേഷം സുരക്ഷാ വിലയിരുത്തല്‍ തൃപ്തികരമാണെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയെ എമിറേറ്റ്‌സ് അറിയിച്ചത്. ഒരാഴ്ചക്കകം എയര്‍പോര്‍ട്ട് അതോറിറ്റിയും വിമാന കമ്പനിയും ചേര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കും.
ഇതിനാവശ്യമായ വിവരങ്ങള്‍ എമിറേറ്റ്‌സ് എയര്‍പോര്‍ട്ട് അതോറ്റിക്ക് കൈമാറും. തുടര്‍ന്ന് അതോറിറ്റിയും വിമാന കമ്പനിയും സംയുക്തമായി റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ദില്ലി കേന്ദ്ര കാര്യാലയത്തിന് കൈമാറും. ഇവിടെനിന്നാണ് അന്തിമ അനുമതിക്കായി ഡി.ജി.സി.എക്ക് സമര്‍പ്പിക്കുക.അനുമതി ലഭിച്ചാല്‍ താമസമില്ലാതെ സര്‍വിസ് നടത്താമെന്ന് എമിറേറ്റ്‌സ് അധികൃതര്‍ പറഞ്ഞു.
എയര്‍പോര്‍ട്ട് ഡയരക്ടര്‍ കെ. ശ്രീനിവാസ റാവു, വ്യോമഗതാഗതവിഭാഗം (എ.ടി.സി) മേധാവി മുഹമ്മദ് ഷാഹിദ്, ജോ.ജനറല്‍ മാനേജര്‍ ഒ.വി. മാക്‌സിസ്, ഡി.ജി.എം ആന്‍ഡ് സേഫ്റ്റി മാനേജര്‍ എം.വി സുനില്‍, കമ്യൂണിക്കേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ മുനീര്‍ മാടമ്പത്ത്, ഓപ്പറേഷന്‍സ് വിഭാഗം ഡി.ജി.എം ജയവര്‍ധന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. കരിപ്പൂരിലെത്തിയ സംഘത്തിന് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം (എം.ഡി.എഫ്)സ്വീകരണം നല്‍കി. എം.ഡി.എഫ് പ്രസിഡന്റ് കെ.എം. ബഷീര്‍, നിര്‍വാഹക സമിതി അംഗങ്ങളായ കെ.സി അബ്ദുറഹ്മാന്‍, ഇസ്മാഈല്‍ പുനത്തില്‍, മുഹമ്മദ് ഹസ്സന്‍ എന്നിവര്‍ എമിറേറ്റ്‌സ് അധികൃതരുമായി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."