സന്ദര്‍ശക വിസയില്‍ വധുവെത്തി, മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സനോജിന് റിയാദില്‍ മംഗല്യം
#അബ്ദുസ്സലാം കൂടരഞ്ഞി
ദമാം: നികാഹ് കഴിഞ്ഞിട്ട് മൂന്നുവര്‍ഷം, വിവാഹത്തിനായി നാട്ടില്‍ പോകാന്‍ നിയമതടസം വന്നതോടെ സന്ദര്‍ശക വിസയില്‍ വധുവിനെയെത്തിച്ചു വിവാഹം നടത്തി. എല്ലാത്തിനും ചുക്കാന്‍ പിടിച്ച് മംഗളമാക്കിയത് സ്വന്തം സ്‌പോണ്‍സറും.
മലപ്പുറം കിഴാറ്റൂരിലെ വട്ടിപറമ്പത്ത് മുഹമ്മദ് ഹനീഫ - പുള്ളിക്കാത്തൊടി ഫാത്വിമ സുഹ്‌റ ദമ്പതികളുടെ മകനായ സനോജിന്റെയും ഭാര്യ ലുബ്‌നയുടെയും വിവാഹമാണ് സുഹൃത്തുക്കളും സ്‌പോണ്‍സറും മംഗളമാക്കിയത്.
തൊഴില്‍ തര്‍ക്കവും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും കാരണം നാട്ടില്‍ പോകാന്‍ കഴിയാതിരുന്നതോടെയാണ് സനോജിന്റെ വിവാഹം നീണ്ടുപോയത്.
അവസാനം സ്‌പോണ്‍സര്‍ തന്നെ മുന്‍കൈയെടുത്ത് നല്‍കിയ സന്ദര്‍ശക വിസയില്‍ ലുബ്‌നയെ റിയാദിലേക്ക് കൊണ്ടുവന്ന ശേഷം വിവാഹം നടത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഉപ്പയും ഏറെക്കാലമായി റിയാദില്‍ തന്നെയാണുള്ളത്.
എന്നാല്‍, തന്റെ വിവാഹത്തിന് ഉമ്മയും വേണമെന്ന ആഗ്രഹം ബാക്കിയായെങ്കിലും ഒടുവില്‍ ഉമ്മയെയും ഇവിടെയെത്തിച്ചാണ് ഇരുവരുടെയും ആശീര്‍വാദത്തോടെ സനോജ് സുഹൃത്തുക്കളോടൊപ്പം വിവാഹം ആഘോഷിച്ചത്.
ഫോട്ടോഗ്രഫിയിലും വിഡിയോ എഡിറ്റിങ്ങിലും ഏറെ കഴിവുകള്‍ തെളിയിച്ച ഇദ്ദേഹം ഇന്ത്യ അതിഥി രാജ്യമായി പങ്കെടുത്ത ജനാദ്രിയ പൈതൃകോത്സവത്തിലും തന്റെ കൈയൊപ്പ് പതിപ്പിച്ചിരുന്നു. നിയമാനുസൃതം സഊദിയില്‍ നിന്നും പോയില്ലെങ്കില്‍ തിരിച്ചുവരാന്‍ കഴിയാത്തതും സാമ്പത്തിക ഭാരം ഓര്‍ത്തപ്പോള്‍ ഇവിടെതന്നെ കഴിയുകയായിരുന്നു.
ഒടുവില്‍ ലീവിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഉമ്മയെ ഉംറ ചെയ്യിപ്പിക്കണമെന്ന ആഗ്രഹം ലുബ്‌നയോട് പങ്കുവച്ചപ്പോള്‍ എത്ര വൈകിയാണെകിലും അത് കഴിഞ്ഞു വിവാഹം മതിയെന്ന വധുവിന്റെ മറുപടിയില്‍ സനോജ് പിടിച്ചുനില്‍ക്കുകയായിരുന്നു.
പിന്നീട് നാട്ടില്‍ പോകാനായി നിര്‍ബന്ധം പിടിച്ചപ്പോള്‍ ഒടുവില്‍ ഗത്യന്തരമില്ലാതെ സ്‌പോണ്‍സര്‍ മുന്നോട്ട് വച്ചതാണ് ഭാര്യയെ സന്ദര്‍ശക വിസയില്‍ റിയാദില്‍ കൊണ്ടുവരാനുള്ള ആശയം. അങ്ങനെ ലുബ്‌നക്കൊപ്പം ഉമ്മയെയും കൊണ്ടുവന്നു.
റിയാദിലെ അടുത്ത സുഹൃത്തുക്കള്‍ വേദിയൊരുക്കുകയും ചെയ്തപ്പോള്‍ നാട്ടില്‍ നടക്കേണ്ട വിവാഹം ഒപ്പനപ്പാട്ടിനൊപ്പം കൈകൊട്ടിപ്പാടി പ്രിയരും പ്രിയപ്പെട്ടവരുമായി മണല്‍നാട്ടില്‍ ഗംഭീരാമായാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."