അവര്‍ പറന്നിറങ്ങി, ആശ്വാസതീരത്തേക്ക്, നെടുമ്പാശ്ശേരി ആദ്യസംഘത്തില്‍ 181 പേര്‍
സ്വന്തം ലേഖകന്‍
നെടുമ്പാശേരി: വിദേശത്തുകുടുങ്ങിയ പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വെയില്‍ സ്പര്‍ശിക്കുമ്പോള്‍ യാത്രികരുടെ മനസില്‍ ആശ്വാസത്തിന്റെ കുളിര്‍മഴ പെയ്തിറങ്ങുകയായിരുന്നു.
ഇന്നലെ രാത്രി 10.09നാണ് അബൂദാബിയില്‍നിന്നുള്ള 181 മലയാളികളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 452 നമ്പര്‍ ബോയിംഗ് 747 വിമാനം നെടുമ്പാശേരിയിലെത്തിയത്.
ജന്മനാട്ടിലേക്കുള്ള മടക്കയാത്രയുടെ കാത്തിരിപ്പിന്റെ ഓരോ ദിവസവും ഒരു വര്‍ഷം പോലെയാണ് തങ്ങള്‍ക്ക് അനുഭവപ്പെട്ടതെന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു.
വിമാനത്തില്‍നിന്ന് ഇറങ്ങി ടെര്‍മിനലിലേക്ക് എത്തുമ്പോള്‍ പലരുടെയും മുഖത്ത് വിരിഞ്ഞ തെളിഞ്ഞ ചിരിയില്‍നിന്നും നാട്ടിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷം വായിച്ചെടുക്കാം.
ആറുമാസത്തെ കരാര്‍ ജോലിക്കായാണ് താന്‍ അബുദാബിയില്‍ എത്തിയതെന്ന് തൃശ്ശൂര്‍ സ്വദേശിയായ രാജേഷ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 20ന് തന്റെ ജോലി പൂര്‍ത്തിയായി 25ന് മടങ്ങാനിരിക്കെയായിരുന്നു വിമാന സര്‍വിസുകള്‍ നിര്‍ത്തി വച്ചത്. പിന്നീട് എംബസി വഴി രജിസ്റ്റര്‍ ചെയ്താണ് മടക്കയാത്രയ്ക്ക് അവസരമൊരുങ്ങിയതെന്നും രാജേഷ് പറഞ്ഞു.
വിമാനത്തില്‍നിന്ന് ഇറങ്ങിയ പ്രവാസികളെ പ്രത്യേക തെര്‍മല്‍ സ്‌കാനര്‍ ഘടിപ്പിച്ച വാതിലിലൂടെയാണ് ടെര്‍മിനലിലേക്കു കടത്തിവിട്ടത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനകള്‍ക്ക് വിധേയമാക്കി. പരിശോധനകള്‍ പൂര്‍ത്തിയാക്കി രാത്രി ഏറെ വൈകിയാണ് ഇവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കിയ ശേഷം 30 പേരെ വീതമാണ് വിമാനത്തില്‍നിന്നു പുറത്തേയ്ക്കിറക്കിയത്.
എയ്‌റോ ബ്രിഡ്ജിലൂടെ സാമൂഹ്യ അകലം പാലിച്ചാണ് ഇവരെ മുന്നോട്ടു നീങ്ങാന്‍ അനുവദിച്ചത്. ഓരോ ഭാഗത്തും യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കുന്നുണ്ടായിരുന്നു.
ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ എമിഗ്രേഷന്‍ കസ്റ്റംസ് പരിശോധനകള്‍ക്ക് വിധേയമാക്കിയത്. ഇന്നലെ മടങ്ങിയെത്തിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ളവരായിരുന്നു. 73 പേര്‍. എറണാകുളം- 25, മലപ്പുറം- 23, പാലക്കാട്- 13, ആലപ്പുഴ- 15, കോട്ടയം- 13, പത്തനംതിട്ട- എട്ട്, കാസര്‍കോട്- ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍.
വിമാനത്താവള ടെര്‍മിനലില്‍നിന്നും ജില്ല തിരിച്ച് വിവിധ കൗണ്ടറുകളിലൂടെയാണ് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കയറ്റിയത്. പൊലിസ് അകമ്പടിയോടെയാണ് പ്രവാസികളെ കൊണ്ടുപോയത്.
കരിപ്പൂരില്‍ ആദ്യ വിമാനമെത്തി
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: നീണ്ട മുറവിളിക്കൊടുവില്‍ പ്രവാസികളുമായി ആദ്യ വിമാനം കരിപ്പൂരിലെത്തി. 182 യാത്രക്കാരുമായി ദുബൈയില്‍ നിന്നുള്ള പ്രത്യേക വിമാനമാണ് കരിപ്പൂരിലെത്തിയത്. 177 മുതിര്‍ന്നവരും അഞ്ചുകുട്ടികളുമാണ് ആദ്യവിമാനത്തില്‍ ഉണ്ടായിരുന്നത്.
കൊവിഡ് -19നെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്ന് ആരംഭിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം രാത്രി 10.33നാണ് കരിപ്പൂരിലെത്തിയത്. ഒന്‍പത് ജില്ലകളില്‍ നിന്നുളള 189 യാത്രക്കാരാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഏഴ് പേര്‍ ഒഴിവായി.
കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലെ 85 യാത്രക്കാരെ വീടുകളിലെ നിരീക്ഷണത്തിലേക്ക് മാറ്റി. അടിയന്തിര ചികിത്സാക്കായെത്തിയ 51 പേരും ഇവരില്‍ ഉള്‍പ്പെടും. 19 ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള ഏഴ് കുട്ടികള്‍, 75 വയസിന് മുകളിലുള്ള ആറ് പേര്‍, കൊവിഡ് നെഗറ്റിവ് റിപ്പോര്‍ട്ടുമായി രണ്ട് പേര്‍ എന്നിവരെയാണ് സ്വയം നിരീക്ഷണത്തിന് വീടുകളിലേക്ക് മാറ്റിയത്. മടങ്ങിയെത്തിയ യാത്രക്കാരില്‍ 85 പേരും മലപ്പുറം ജില്ലയില്‍ നിന്നുളളവരാണ്.
വിമാനത്തില്‍ നിന്ന് യാത്രക്കാരെ ടെര്‍മിനലില്‍ കൊണ്ട് വന്ന് ആരോഗ്യ പരിശോധന നടത്തിയാണ് എമിഗ്രേഷന്‍, കസ്റ്റംസ് ഹാളിലെത്തിച്ചത്.യാത്രക്കാര്‍ക്ക് കൊവിഡ് സുരക്ഷാ അകലം പാലിച്ച് നില്‍ക്കാന്‍ കൗണ്ടറുകള്‍ക്ക് മുന്‍പില്‍ പ്രത്യേകം മാര്‍ക്കിങ് നടത്തിയിരുന്നു. ഇരിപ്പിടങ്ങളില്‍ ഒന്നിടവിട്ട് ഇരിക്കാനും നിര്‍ദേശം നല്‍കി.എമിഗ്രേഷന്‍,കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം ആരോഗ്യസുരക്ഷാ മാനദണ്ഡത്തോടെയാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്.
സംസ്ഥാന ആരോഗ്യ വകുപ്പ് ക്വാറന്റൈനില്‍ കഴിയുന്നതിന്റെ നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയതിന് ശേഷമാണ് പുറത്തിറക്കിയത്. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാത്തവരെ ജില്ലാ ഭരണകൂടങ്ങള്‍ ഒരുക്കിയിട്ടുള്ള കൊവിഡ് കെയര്‍ സെന്ററിലേക്ക് പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോയി. മലപ്പുറം ജില്ലാക്കാരെ കാളികാവിലെ സഫ ആശുപത്രിയിലേക്കാണ് മാറ്റിയത്. ശുചിമുറി സൗകര്യങ്ങളോട് കൂടിയ 100 പ്രത്യേക മുറികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മറ്റുളളവരെ അതത് ജില്ലകളിലെ ആശുപത്രികള്‍,കൊവിഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലേയ്ക്കു മാറ്റി. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."