അവിശുദ്ധ കൂട്ടുകെട്ടിന്റെ അനിവാര്യ പതനം
വൈരുധ്യങ്ങളുടെ കൂടാരമായിരുന്നു ജമ്മു-കശ്മിരിലെ പി.ഡി.പി-ബി.ജെ.പി മന്ത്രിസഭ. അധികാരം പങ്കിടുക എന്ന ഏക അജണ്ടയില്‍ തട്ടിക്കൂട്ടിയ കൂട്ടുമുന്നണി എത്ര കാലത്തേക്ക് എന്നേ 2015 മാര്‍ച്ച് ഒന്നിന് അധികാരമേല്‍ക്കുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് സംശയമുണ്ടായിരുന്നുള്ളൂ. തട്ടിയും മുട്ടിയും ഇടയ്ക്ക് അല്‍പകാലം ശങ്കിച്ചും ഇഴഞ്ഞുനീങ്ങിയ ഭരണം ഒടുവില്‍ അനിവാര്യമായ പതനം ഏറ്റുവാങ്ങുമ്പോള്‍ കണ്ണീരൊഴുക്കാന്‍ ഒരാളും ഉണ്ടായില്ല.
കാരണം ജനങ്ങള്‍ക്ക് അത്രമേല്‍ ദുസ്സഹമായിരുന്നു ഈ അവിശുദ്ധ കൂട്ടുകെട്ടില്‍ പിറന്ന മന്ത്രിസഭ. അല്ലെങ്കിലും ജനഹിതം പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പും അതിനെ തുടര്‍ന്നുണ്ടാവുന്ന ജനകീയസര്‍ക്കാരും കശ്മിരിന് അന്യമായിട്ട് കാലം കുറേയായി. ഒന്നേകാല്‍ കോടി ജനങ്ങളില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് അവിടെ വോട്ടെടുപ്പില്‍ പങ്കെടുക്കാറുള്ളത് എന്നു പറയുമ്പോള്‍ തന്നെ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച വ്യക്തമാവും.
ഏതാനും ആയിരങ്ങളിലൊതുങ്ങുന്ന സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രം പങ്കെടുക്കുന്ന തെരഞ്ഞെടുപ്പില്‍ നിന്ന് ജനങ്ങള്‍ ഒന്നടങ്കം മാറിനില്‍ക്കുന്ന അവസ്ഥയാണ് വര്‍ഷങ്ങളായി അവിടെ തുടരുന്നത്. നാമമാത്രമായി നടക്കുന്ന അത്തരം തെരഞ്ഞെടുപ്പില്‍ പോലും ഒരു കക്ഷിക്കും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കാറില്ല.
വോട്ടെടുപ്പിനു ശേഷം തരാതരം പോലെ ചില കക്ഷികള്‍ വിലപേശി മന്ത്രിസഭ തട്ടിക്കൂട്ടുകയാണ്. ബി.ജെ.പി-പി.ഡി.പി മന്ത്രിസഭ അത്തരമൊന്നായിരുന്നു. യഥാര്‍ഥ ജനതയുടെ ഹിതത്തിനും വിശ്വാസത്തിനും കാതങ്ങള്‍ അകലെയാണ് ഇങ്ങനെ രൂപം കൊള്ളുന്ന മന്ത്രിസഭകള്‍. ജനങ്ങള്‍ക്കിടയില്‍ വേരുകളില്ലാത്ത ഇത്തരം ഭരണകൂടങ്ങള്‍ പടുമരങ്ങളെ പോലെ ഏതു നിമിഷവും മറിഞ്ഞുവീഴുന്നതിന്റെ നേര്‍സാക്ഷ്യമാണ് കശ്മിരില്‍ കണ്ടത്.
എങ്കിലും വീഴ്ചയിലും വാഴ്ചയിലുമൊക്കെ ചില സാമാന്യ മര്യാദകള്‍ പാലിക്കപ്പെടേണ്ടതുണ്ട്. പക്ഷെ ബി.ജെ.പിയെ പോലെയുള്ള ഒരു ജനാധിപത്യ വിരുദ്ധ പാര്‍ട്ടിയില്‍ നിന്ന് അത് പ്രതീക്ഷിക്കവയ്യ. മൂന്നു വര്‍ഷം ഒന്നിച്ച് ഭരിച്ച് മുന്നണിക്ക് നേതൃത്വം നല്‍കിയ ഘടകകക്ഷിയോട്, മുന്നണിക്ക് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയോട് പിന്തുണ പിന്‍വലിക്കുന്നു എന്നു പറയാനുള്ള രാഷ്ട്രീയ മര്യാദയെങ്കിലും ബി.ജെ.പി കാണിക്കേണ്ടതായിരുന്നു.
കത്‌വ സംഭവത്തില്‍ സംസ്ഥാനവും രാജ്യവും പ്രതിഷേധാഗ്നിയില്‍ ജ്വലിച്ചു നില്‍ക്കെ കേസിലെ പ്രതികളെ പരസ്യമായി പിന്തുണച്ചുകൊണ്ട് തെരുവില്‍ പ്രകടനം നടത്തിയ ബി.ജെ.പി മന്ത്രിമാരില്‍ നിന്ന് ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഗവര്‍ണര്‍ ഫോണില്‍ വിളിച്ചറിയിച്ചപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഘടകകക്ഷി പാലം വലിച്ച സംഭവം അറിയുന്നത്. ഏതായാലും ചാക്കിട്ടുപിടിത്തത്തിനൊന്നും ശ്രമിക്കാതെ രാജിവച്ചൊഴിയാന്‍ അവര്‍ കാണിച്ച ഔചിത്യബോധം അഭിനന്ദിക്കപ്പെടേണ്ടതു തന്നെ.
ലക്ഷ്യങ്ങള്‍ പൂര്‍ണമായി കൈവരിക്കാനായില്ലെങ്കിലും ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപനവും 11,000 യുവാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചതും തന്റെ ഭരണ നേട്ടമായി മെഹബൂബ അവകാശപ്പെടുന്നുണ്ട്.
എന്നാല്‍, മൂന്നു വര്‍ഷത്തെ ഭരണത്തിനിടയില്‍ കശ്മിരികള്‍ അനുഭവിക്കേണ്ടിവന്ന യാതനകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ നേട്ടങ്ങളൊന്നും പരാമര്‍ശയോഗ്യം പോലുമല്ല എന്നതാണ് സത്യം. രക്തപങ്കിലമായ മൂന്നു വര്‍ഷമാണ് കശ്മിരിനെ സംബന്ധിച്ചിടത്തോളം ബി.ജെ.പി-പി.ഡി.പി ഭരണകാലം. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച റമദാനില്‍ പോലും നാല്‍പതിലേറെ പേരാണ് കൊല്ലപ്പെട്ടത്.
പ്രക്ഷോഭകരും സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്ലാത്ത ഒരു ദിവസം പോലും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കടന്നുപോയിട്ടില്ല. ആക്രമണം തടയാനെന്ന പേരില്‍ യുവാവിനെ സൈനിക വാഹനത്തില്‍ ആള്‍മറയാക്കിയ നടപടിയും കത്‌വയില്‍ ബാലികയെ പീഡിപ്പിച്ചു കൊന്നതും ഏറ്റവും ഒടുവില്‍ നടന്ന പത്രപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരി വധവുമെല്ലാം ഈ ഭരണത്തിലെ മായാത്ത കറുത്ത പാടുകളാണ്.
ആ നിലയ്ക്ക് ബി.ജെ.പി സഖ്യസര്‍ക്കാരിന്റെ പതനം ജനങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിനു വകയുണ്ട്. എന്നാല്‍, ഗവര്‍ണര്‍ ഭരണത്തിന്റെ മറവില്‍ കേന്ദ്രസര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടകളാണ് ഇനി കശ്മിരില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണ അനുഭവമാവും കശ്മിരികള്‍ക്ക്.
ഗവര്‍ണര്‍ ജഗ്‌മോഹന്റെ ഭരണകാലത്തെ ദുരിതങ്ങള്‍ അവരുടെ മുമ്പിലുണ്ട്. അത്തരം പരീക്ഷണങ്ങള്‍ നമ്മുടെ ശത്രുരാജ്യങ്ങള്‍ക്ക് മാത്രമേ ഗുണം ചെയ്യൂ. ഡല്‍ഹിയിലിരിക്കുന്നവര്‍ അക്കാര്യം ഓര്‍ക്കുന്നത് നന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."