സമ്പൂര്‍ണ വൈദ്യുതീകരണ പഞ്ചായത്തില്‍ അങ്കണ്‍വാടിക്ക് വൈദ്യുതിയില്ല
മണ്ണാര്‍ക്കാട്: സമ്പൂര്‍ണ വൈദ്യുതീകരണ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച് ഒരുമാസം കഴിഞ്ഞിട്ടും അങ്കണ്‍വാടിക്ക് വൈദ്യുതി ഇല്ല. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 17ാം വാര്‍ഡ് ഉണ്ണിയാലില്‍പ്പെട്ട പാലക്കടവില്‍ സ്ഥിതി ചെയ്യുന്ന 103 ാം നമ്പര്‍ അങ്കണ്‍വാടിക്കാണ് അധികൃതരുടെ അനാസ്ഥയില്‍ വൈദ്യുതി ലഭിക്കാതെയിരിക്കുന്നത്.
കഴിഞ്ഞ മാസം ഒന്‍പതിന് എടത്തനാട്ടുകര മുണ്ടക്കുന്നില്‍ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിലാണ് സമ്പൂര്‍ണ വൈദ്യുതീകരണ പഞ്ചായത്തായി ഒറ്റപ്പാലം സബ്കലക്ടര്‍ പി.ബി നൂഹ് ബാവ പ്രഖ്യാപനം നടത്തിയത്. ഗ്രാമപഞ്ചായത്ത്, എം.എല്‍.എ, വൈദ്യുതി വകുപ്പ് തുടങ്ങിയവയുടെ ഫണ്ടുപയോഗിച്ചാണ് സമ്പൂര്‍ണ വൈദ്യുതീകരണം പദ്ധതി നടപ്പാക്കിയത്.
അങ്കണ്‍വാടിക്ക് ഗ്രാമപഞ്ചായത്ത് വൈദ്യുതി ലൈന്‍ വലിക്കുന്നതിന് ഫണ്ടനുവദിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ 2016 ജനുവരി 27ന് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ അങ്കണ്‍വാടിക്ക് വൈദ്യുതിയും കുടിവെള്ള സൗകര്യവും നല്‍കുന്നതില്‍ അധികൃതര്‍ അനാസ്ഥ തുടരുകയാണെന്ന ആക്ഷേപവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ 10 വര്‍ഷത്തിലധികമായി നാട്ടുകാരുടെ സഹായത്തോടെ വാടക കെട്ടിടത്തിലാണ് അങ്കണ്‍വാടി പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് പ്രദേശവാസികളുടെ നിരന്തരം ശ്രമഫലമായി സഊദിയില്‍ ജോലി ചെയയ്യുന്ന സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ടി.പി ശുഹൈബ് അങ്കണ്‍വാടി കെട്ടിടത്തിന് ആവശ്യമായ സ്ഥലവും അതിലേക്കുളള വഴിയും സൗജന്യമായി വിട്ടു നല്‍കുകയായിരുന്നു. പിന്നീട് അന്നത്തെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. കദീജ ടീച്ചര്‍ 2013-14 സാമ്പത്തിക വര്‍ഷത്തില്‍ അങ്കണ്‍വാടി കെട്ടിട നിര്‍മാണത്തിന് 6.5 ലക്ഷം രൂപ അനുവദിച്ചു. എന്നാല്‍ നിര്‍മാണ ചുമതല ഏറ്റെടുത്ത നിര്‍മിതി കേന്ദ്രം അങ്കണ്‍വാടി നിര്‍മാണം രണ്ട് വര്‍ഷമായി തുടങ്ങിയില്ല. തുടര്‍ന്ന് നിരന്തരം അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്വന്തമായി കെട്ടിടമായത്. നിര്‍മാണ ഘട്ടത്തില്‍ തന്നെ വൈദ്യുതീകരണത്തിനാവശ്യമായ പ്രവര്‍ത്തികളും പ്ലംബിങ് അടക്കമുളള പ്രവര്‍ത്തികളും പൂര്‍ത്തിയാക്കിയ അങ്കണ്‍വാടിക്ക് വര്‍ഷം കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥയില്‍ വെള്ളവും വെളിച്ചവും അനന്തമായി നീളുകയാണ്.
സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിച്ച ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി നൂഹ് ബാവ, ജില്ലാ കലക്ടര്‍, വകുപ്പ് മന്ത്രി, ഡയറക്ടര്‍ ഓഫ് ഡിസ്ട്രിക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."