ചൈനയ്ക്കെതിരേ വീണ്ടും വിമര്‍ശനം കൊറോണയെ ഭീകരാക്രമണത്തോട് ഉപമിച്ച് ട്രംപ്
വാഷിങ്ടണ്‍: കൊറോണ വൈറസിനെ ഭീകരാക്രമണത്തോട് ഉപമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വൈറസ് മനുഷ്യനിര്‍മിതമാണെന്ന് അമേരിക്കയും അല്ലെന്ന് ചൈനയും ആവര്ത്തിക്കുന്നതിനിടയ്ക്കാണ് ട്രംപിന്റെ പരാമര്‍ശമെന്നതു ശ്രദ്ധേയമാണ്. അമേരിക്ക കണ്ട ഏറ്റവും വലിയ ആക്രമണമാണ് ഈ വൈറസ് വ്യാപനമെന്നു പറഞ്ഞ ട്രംപ്, ചൈന അതു നിര്‍ത്തുന്നില്ലെന്നും പറഞ്ഞുവച്ചു.
പേള്‍ ഹാര്‍ബര്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവിടങ്ങളിലെ ആക്രമണങ്ങളേക്കാളും വലുതാണ് ഇപ്പോള്‍ അമേരിക്ക നേരിടുന്നതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇവ രണ്ടും അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങളാണ്.
കൊറോണയെ ഇവയോട് ഉപമിക്കുന്നതിലൂടെ അത് ചൈനയില്‍ നിര്‍മിച്ചതാണെന്ന സന്ദേശമാണ് ട്രംപ് നല്‍കുന്നത്. നേരത്തെ, കൊറോണ വൈറസ് ചൈനയില്‍ നിര്‍മിക്കപ്പെട്ടതാണെന്ന ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ അതിനു തെളിവുണ്ടെന്ന് അവകാശപ്പെട്ടും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും രംഗത്തെത്തിയിരുന്നു.
കൊറോണയെ അതിന്റെ ഉറവിടത്തില്‍നിന്നുതന്നെ ഇല്ലാതാക്കാമായിരുന്നെന്നു ചൈനയെ വിമര്‍ശിച്ച് ട്രംപ് പറഞ്ഞു. ചൈനയുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഈ പ്രസ്താവന. എന്നാല്‍, അവര്‍ അത് ചെയ്തില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍, ട്രംപിന്റെയും മൈക് പോംപിയോയുടെയും ആരോപണങ്ങളെ ചൈന നിരന്തരം തള്ളുകയാണ്.
രാഷ്ട്രീയക്കാര്‍ അങ്ങനെ പല നുണകളും പറയുമെന്നും വൈറസ് മനുഷ്യനിര്‍മിതമാണെന്നതിന് പോംപിയോയുടെ പക്കല്‍ ഒരു തെളിവുമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം ചൈനയുടെ വിശദീകരണം.
ലോകാരോഗ്യ സംഘടനയും വൈറസ് മനുഷ്യനിര്‍മിതമല്ലെന്നു വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ അമേരിക്കയിലെ തന്നെ ആരോഗ്യവിദഗ്ധന്‍ അന്തോണി ഫൗക്കിയും അമേരിക്കയുടെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."