മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായം
ഹൈദരാബാദ്: വിശാഖപട്ടണത്തെ പോളിമര്‍ കമ്പനിയില്‍ രാസവാതക ചോര്‍ച്ച മൂലമുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയാണ് സഹായധനം പ്രഖ്യാപിച്ചത്. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും അടിയന്തരസഹായമായി 25,000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. രാസവാതക ചോര്‍ച്ച ബാധിക്കപ്പെട്ട 15,000 കുടുംബങ്ങള്‍ക്ക് 10,000 രൂപയുടെ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. എല്ലാവരുടേയും ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദുരന്തത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പോളിമര്‍ കമ്പനിക്കെതിരേ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."