വിശാഖപട്ടണം വാതകച്ചോര്‍ച്ച: കേന്ദ്രത്തിന്റെ വിദഗ്ധ സംഘങ്ങളെത്തി
ന്യൂഡല്‍ഹി: വിശാഖപട്ടണം വാതകച്ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ദുരന്തസ്ഥലത്തേക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സംഘങ്ങളെത്തി.
കെമിക്കല്‍, ബയോളജിക്കല്‍ സംഘവും നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് എന്നിവയുടെ സംഘവും എയിംസില്‍ നിന്നുള്ള മെഡിക്കല്‍ സംഘവുമാണ് വിശാഖപട്ടണത്തെത്തിയത്.
രക്ഷാപ്രവര്‍ത്തനം, റിലീഫ് പ്രവര്‍ത്തനം, വൈദ്യസഹായം എന്നിവയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സംഘം നടത്തും. അതോടൊപ്പം ദുരന്തത്തിന്റെ ദീര്‍ഘകാല, ഹ്രസ്വകാല പ്രതിഫലനം സംബന്ധിച്ച് പഠനവും നടത്തും.
സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ മിശ്രയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് കേന്ദ്ര സംഘത്തെ അയച്ചത്.
നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മേധാവിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി യോഗം വിളിച്ചത്.
നടന്നത് രാസ ദുരന്തമാണെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അധികൃതര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."