മെഡിക്കല്‍ പ്രവേശനം സുഗമമാക്കാന്‍ സ്വാശ്രയ മാനേജുമെന്റുകളുമായി ധാരണ
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം സുഗമമായി നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തി. മന്ത്രി കെ.കെ.ശൈലജയുടെ സ്വാശ്രയ മാനേജുമെന്റുകളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. മെഡിക്കല്‍ അലോട്ട്‌മെന്റ് സുഗമമായി നടത്താന്‍ മാനേജ്‌മെന്റുകള്‍ പിന്തുണ വാഗ്ദാനം ചെയ്തു.
പൊതുവിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം മാനേജുമെന്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കിയ സീറ്റുകള്‍ അതുപോലെ നിലനിര്‍ത്തും. ന്യൂനപക്ഷ കോളജുകളില്‍ ചിലത് സീറ്റ് മെട്രിക് പൊതുവിഭാഗത്തില്‍ കുറവുവരുത്തിയായിരുന്നു സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് ഇത് കഴിഞ്ഞ വര്‍ഷത്തേതുപോലെയാക്കാമെന്ന് മാനേജുമെന്റുകള്‍ സമ്മതിച്ചു.
സ്വാശ്രയ കോളജുകളുടെ നടത്തിപ്പിലുള്ള പ്രയാസങ്ങള്‍ അവര്‍ മന്ത്രിയെ അറിയിച്ചു. ഫീസ് ഘടനയില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത പല മാനേജുമെന്റുകളും ചൂണ്ടിക്കാട്ടിയെങ്കിലും നീറ്റ് മെരിറ്റിന്റേയും സുപ്രിംകോടതി വിധിയുടേയും അടിസ്ഥാനത്തില്‍ മാത്രമേ മുന്നോട്ടുപോകാനാവൂ എന്ന് മന്ത്രി അറിയിച്ചു. ഫീസ് റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസില്‍ മാറ്റം വരുത്താനാവില്ല. പ്രോസ്‌പെക്ടസില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അതില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കോളജുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചെയ്യാനാവുന്നത് ചെയ്യും.
പ്രവേശന സമയത്ത് എന്‍ട്രന്‍സ് കമ്മിഷണര്‍ മുമ്പാകെ അടയ്ക്കുന്ന ഫീസ് മാനേജുമെന്റുകള്‍ക്ക് ലഭിക്കാന്‍ വൈകുന്നുവെന്ന പരാതി പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. എസ്.സി, എസ്.ടി. വിഭാഗത്തിലുള്ള ഫീസ് കോളജുകള്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെന്നും കുടിശികയുണ്ടെന്നും മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഇക്കാര്യം കോളജുകള്‍ എഴുതിത്തരുന്ന മുറയ്ക്ക് പരിശോധിച്ച് നടപടിയെടുക്കാനും മന്ത്രി നിര്‍ദേശിച്ചു.
എം.സി.ഐ. അംഗീകാരം നഷ്ടപ്പെട്ട കോളജുകള്‍ അംഗീകാരം നേടാന്‍ ശ്രമം നടത്തി വരുന്നതായി സ്വാശ്രയ മാനേജുമെന്റുകള്‍ അറിയിച്ചു. സ്വാശ്രയ കോളജുകളിലെ സമര്‍ഥരും സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നതുമായ എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അഡ്മിഷന്‍ ആന്‍ഡ് ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പസ് ഫണ്ട് രൂപീകരിച്ച് ഉത്തരവിറക്കിയിരുന്നതായി മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്, എന്‍ട്രന്‍സ് കമ്മിഷണര്‍ പി.കെ.സുധീര്‍ബാബു ഐ.എ.എസ്., മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.എ.റംലാബീവി, ജോ.ഡയറക്ടര്‍ ഡോ. ശ്രീകുമാരി മെഡിക്കല്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."