തലസ്ഥാന ജില്ലയ്ക്ക് കൈ നിറയെ പദ്ധതികള്‍
തിരുവനന്തപുരം: തലസ്ഥാന ജില്ലയ്ക്ക് കൈ നിറയെ പദ്ധതികളാണ് ധനമന്ത്രി തോമസ് ഐസക് ഇന്നലെ ബജറ്റില്‍ പ്രഖ്യാപിച്ചത്. തലസ്ഥാന നഗരത്തിലെ സമസ്ത മേഖലയിലേയും വികസനത്തിന് ഊന്നല്‍ നല്‍കിയാണ് ബജറ്റ് അവതരിപ്പിച്ചതെങ്കിലും ജില്ലയിലെ പ്രധാന പ്രശ്‌നമായ മാലിന്യ സംസ്‌കരണത്തിന് ഉചിതമായ പദ്ധതികളൊന്നും ബജറ്റില്‍ ഇടംനേടിയില്ല. അതേസമയം, ആരോഗ്യം, പൊതുഗതാഗതം, വിദ്യാഭ്യാസം, കലാ സാംസ്‌കാരിക സിനിമാ മേഖലകളില്‍ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ ഇടംനേടിയ ശ്രദ്ധേയ ബജറ്റായിരുന്നു ഇന്നലെ അവതരിപ്പിച്ചത്.
പ്രധാന
പ്രഖ്യാപനങ്ങള്‍
.മെഡിക്കല്‍ കോളജിനെ എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതിന് ആവശ്യമായ നിര്‍മാണത്തിനും ഉപകരണങ്ങള്‍ക്കുമുള്ള ചെലവ് മാന്ദ്യവിരുദ്ധമായ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഹിതത്തില്‍നിന്നും കണ്ടെത്തും.
.റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന് 59 കോടി രൂപ വകയിരുത്തി. മാനസികാരോഗ്യ കേന്ദ്രത്തില്‍ പശ്ചാത്തല സൗകര്യം ഒരുക്കും.
.ശതോത്തര സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന യൂനിവേഴ്‌സിറ്റി കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റും.
.എന്‍ജിനീയറിംഗ് കൊളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കൊളേജില്‍ അസാപ്പിന്റെ കീഴില്‍ പരിശീലനം നല്‍കുന്ന യുവാക്കള്‍ക്ക് അപ്രന്റിസ്ഷിപ്പ് കാലത്ത് പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതുപോലുള്ള സ്‌കീം ആവിഷ്‌കരിക്കും.
.40 കോടി രൂപ ചെലവില്‍ ജില്ലയില്‍ അയ്യങ്കാളി നവോത്ഥാന സാംസ്‌കാരിക സമുച്ചയം നിര്‍മിക്കും.
.ഫിലിം ഫെസ്റ്റിവലിന് സ്ഥിരംവേദി നിര്‍മിക്കുന്നതിനായി 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് നീക്കിവെച്ചു.
.ചെമ്പഴന്തി ഗുരുകുലത്തിന് 50 ലക്ഷവും കിളിമാനൂര്‍ ചിത്രകലാ ഇന്‍സ്റ്റിറ്റ്യൂട്ടിനും തൈക്കാട് ഗാന്ധി മ്യൂസിയം ആന്‍ഡ് ലൈബ്രറിക്കും തോന്നക്കല്‍ കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചറിനും 25 ലക്ഷം രൂപ വീതവും പിന്‍ എന്‍ പണിക്കര്‍ ഫൗണ്ടേഷന് പത്ത് ലക്ഷം രൂപയും ധനസഹായം അനുവദിച്ചു.
.പൂജപ്പുര സി.അച്യുതമേനോന്‍ സ്റ്റഡി സെന്ററിന് പത്ത് ലക്ഷം രൂപ ആവര്‍ത്തന ഗ്രാന്റും അഭയക്ക് വാര്‍ഷിക ഗ്രാന്റായി 15 ലക്ഷം രൂപയും അനുവദിച്ചു.
.ശിവഗിരിയില്‍ ജാതിയില്ല വിളംബരം ശതാബ്ദി മ്യൂസിയം സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തി. കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിലേക്കായി രണ്ട് കോടി രൂപ വകയിരുത്തി.
.തോമസ് സെബാസ്റ്റ്യന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ജില്ലയില്‍ നിര്‍മിക്കും. എല്ലാ പഞ്ചായത്തിലും കളിക്കളം തയ്യാറാക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തെ ഉള്‍പ്പെടുത്തി.
.പത്ത് കോടി രൂപ ചെലവില്‍ നെയ്യാറ്റിന്‍കര ടൗണില്‍ കുന്നിന്‍പുറം പാലം നിര്‍മിക്കും.
.ഉള്ളൂര്‍, കുമാരപുരം ജംഗ്ഷനുകളില്‍ 25 കോടി രൂപ ചെലവില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കും.
.പത്ത് കോടി രൂപ ചെലവില്‍ പട്ടം പേരൂര്‍ക്കട ജംഗ്ഷനുകളില്‍ അണ്ടര്‍ പാസേജ് നിര്‍മിക്കും.
.25കോടി രൂപ ചെലവില്‍ ആറ്റിങ്ങല്‍ ബൈപ്പാസ് നിര്‍മിക്കും. കരമനകളിയിക്കാവിള രണ്ടാംഘട്ടത്തിനായി 200 കോടി രൂപ വകയിരുത്തി. വഴയില പഴകുറ്റി കച്ചേരിനട പത്താംകല്ല് നാലുവരിപ്പാതക്കായി 50 കോടി അനുവദിച്ചു.
.ശിവഗിരി റിംഗ് റോഡിന് പത്ത് കോടിയും പാലോട് ബ്രൈമൂര്‍ റോഡിന് 20 കോടിയും പൊന്മുടി ബ്രൈമൂര്‍ റോഡിന് പത്ത് കോടിയും വെഞ്ഞാറമൂട് റിംഗ് റോഡിന് 15 കോടിയും അനുവദിച്ചു.
.തിരുവനന്തപുരം നഗരത്തില്‍ രണ്ട് റിംഗ് റോഡുകള്‍ക്കായി 35 കോടിയും പേട്ട ആനയറ ഒരുവാതില്‍ക്കോട്ട റോഡിനായി പത്ത് കോടിയും നെടുമങ്ങാട് അരുവിക്കര വെള്ളനാട് റോഡിനു കണിയാപുരം ചിറയിന്‍കീഴ് റോഡിനും മുതലപ്പൊഴി വെട്ടൂര്‍ വര്‍ക്കല നടയറ പാരിപ്പള്ളി റോഡിനും ആലംകോട് മീരാന്‍കടവ് അഞ്ചുതെങ്ങ് മുതലപ്പൊഴി റോഡിനും പത്ത് കോടി വീതം ബജറ്റ് വകയിരുത്തുന്നു.
.ചിറയിന്‍കീഴ് റെയില്‍വേ മേല്‍പ്പാലത്തിനായി പത്ത് കോടി രൂപ വകയിരുത്തി.
.ലൈറ്റ് മെട്രോ മുന്നോട്ടുകൊണ്ടുപോകുന്നതിന് തുക വയിരുത്തി.
.പാര്‍വതീ പുത്തനാര്‍ ശുചീകരിച്ച് പുനരുദ്ധരിക്കുന്നതിന് പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് 50 കോടി രൂപ വകയിരുത്തി. നടപ്പുവര്‍ഷം അഞ്ച് കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തെ ചരക്കുകടത്തിനും വലിയതുറയെ യാത്രക്കും സജ്ജമാക്കാന്‍ ശ്രമിക്കും.
.തലസ്ഥാനത്ത് ലൈഫ് സയന്‍സ് പാര്‍ക്കിനും വകയിരുത്തലുണ്ട്. കെ എസ് ഐ ഡി സി നടപ്പാക്കുന്ന പദ്ധതിയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
.കഴക്കൂട്ടത്ത് കിന്‍ഫ്രയുടെ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടപ്പിലാക്കുന്നതിന് അധികസഹായം ലഭ്യമാക്കും.
.പൊഴി ശുചീകരണത്തിന്റെ ഭാഗമായി മുതലപ്പൊഴി ശുചീകരിക്കും.
.പൊന്മുടിയിലേക്ക് റേപ്പ് വേ നിര്‍മിക്കുന്നതിനും പൊന്മുടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും 200 കോടി രൂപ പ്രത്യേക പദ്ധതിയില്‍നിന്ന് നീക്കിവെച്ചു.
.ബാലരാമപുരത്തെ പൈതൃക ഗ്രാമമായി വികസിപ്പിക്കും.
.ടെക്‌നോസിറ്റിയില്‍ 100 കോടി രൂപ ചെലവില്‍ രണ്ട് ലക്ഷം ചതുരശ്ര അടിയില്‍ ആദ്യത്തെ കെട്ടിടം നിര്‍മിക്കും. കൂടാതെ ടെക്‌നോപാര്‍ക്കില്‍ എട്ട് ലക്ഷം ചതുരശ്ര അടി വരുന്ന പുതിയ ഐ ടി കെട്ടിടത്താനായി 750 കോടി രൂപ വകയിരുത്തി.
.തലസ്ഥാന നഗരമെന്ന നിലയില്‍ തിരുവനന്തപുരത്തിന് വികസനത്തിന് പ്രത്യേക പരിഗണനയുണ്ട്. ജന്റം, യൂഡിസ്മാറ്റ് തുടങ്ങിയ പദ്ധതികള്‍ പണം ഇല്ലാത്തതുകൊണ്ട് നിലച്ചിട്ടുണ്ട്. ഇതുവരെ ചെലവാക്കിയ പണത്തിന്റെ ഉപയോഗം ലഭ്യമാകണമെങ്കില്‍ ഇനി ആവശ്യമായ പണം കണ്ടെത്തണം. ഇത് സംബന്ധിച്ച് സമഗ്രമായ റിവ്യൂ നടത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ തീര്‍ക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
.ആറ്റുകാല്‍ മാസ്റ്റര്‍ പ്ലാനിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിക്കിവെച്ചു. ഇതില്‍നിന്നും പത്ത് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് മാതൃകയില്‍ പദ്മനാഭ സ്വാമി ക്ഷേത്ര സമുച്ചയത്തിന്റെ വികസനത്തിനും മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കും. ഇതിന്റെ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ 20 ലക്ഷം രൂപ വകയിരുത്തി.
.പൗണ്ട് കടവില്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തിലും സെക്രട്ടേറിയറ്റിലും അഗ്‌നിശമന സ്റ്റേഷനുകള്‍ സ്ഥാപിക്കും.
.കടകംപള്ളി, നെടുമങ്ങാട് എന്നിവിടങ്ങളില്‍ പുതിയ റവന്യൂ ടവറുകള്‍ സ്ഥാപിക്കും. നഗരൂരില്‍ പുതിയ പോലീസ് സ്റ്റേഷന്‍ ആരംഭിക്കും.
.ഗവണ്‍മെന്റ് പ്രസിന്റെ ആധുനീകരണത്തിന് പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് 100 കോടി രൂപ വകയിരുത്തി.
.വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനായി 25 കോടി വകയിരുത്തി.
. നാളികേര അഗ്രോ പാര്‍ക്ക് നിര്‍മ്മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."