കൊവിഡുമായി ബന്ധപ്പെട്ട് വര്‍ഗീയ പ്രചാരണം രണ്ട് സ്ത്രീകള്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: കൊവിഡുമായി ബന്ധപ്പെട്ട് വര്‍ഗീയ പ്രചാരണം നടത്തിയ രണ്ടു സ്ത്രീകള്‍ക്കെതിരേ കേസെടുക്കാന്‍ ഡല്‍ഹി പൊലിസിന് ഡല്‍ഹി തീസ് ഹസാരി കോടതിയുടെ നിര്‍ദേശം. ഡല്‍ഹി സ്വദേശി വസിര്‍ ഇസ്ലാം നല്കിയ ഹരജിയില്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് റിഷഭ് കപൂറാണ് നിര്‍ദേശം നല്‍കിയത്.
ഡല്‍ഹിയിലെ റോഗ്റാന്, ലാല്ഖുവാന് എന്നിവിടങ്ങളിലുള്ളവരാണ് സ്ത്രീകള്‍. ലോക്ക് ഡൗണ്‍ ലംഘിച്ച് ഇരുവരും വീടുകളില്‍ കയറി വര്‍ഗീയ പ്രചാരണം നടത്തിയെന്നും വടികളും മറ്റുമായി ഒരു സമുദായത്തില്‍പ്പെട്ടവരുടെ വീടുകളുടെയും കടകളുടെയും വാതിലുകളില്‍ അടിച്ചുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. അതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഹൗസ്ഖാസി പൊലിസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുത്തില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയ പ്രചാരണം നടത്തിയ സ്ത്രീകളെ തിരിച്ചറിഞ്ഞെന്നും കൊവിഡ് കാലത്ത് തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്കാന് വന്ന സന്നദ്ധ സംഘടനയിലെ അംഗങ്ങളാണ് അവരെന്നുമായിരുന്നു കോടതിയില്‍ ഡല്‍ഹി പൊലിസിന്റെ വാദം. എന്നാല്‍, കോടതി ഇത് അംഗീകരിച്ചില്ല. സമീപകാലത്ത് വര്‍ഗീയ അസ്വാസ്ഥ്യമുണ്ടായ സ്ഥലമാണ് ഹൗസ്ഖാസി. ഇവിടെ വര്‍ഗീയ പ്രചാരണം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
ഇത്തരം സംഭവങ്ങള്‍ വലിയ വര്‍ഗീയ കലാപങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. സംഭവമുണ്ടായ ഏപ്രില്‍ 16ന് ലോക്ക് ഡൗണായിരുന്നു. ആര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. അതിനാല്‍ ഇവര്‍ക്കെതിരേ കേസെടുക്കണമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."