ഉത്തരമില്ലാതെ സര്‍ക്കാര്‍; വ്യക്തത ആവശ്യപ്പെട്ട് പ്രതിപക്ഷം
ന്യൂഡല്‍ഹി: പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു തിരിച്ചടിയായി പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് കൃത്യമായ മറുപടിയില്ലാതെ കേന്ദ്രസര്‍ക്കാര്‍.
ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിലും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ആക്രമണം സംബന്ധിച്ചും ആളപായം സംബന്ധിച്ചും പ്രതിപക്ഷം തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനിടെ ഇന്നലെ വ്യോമസേനാ മേധാവി ബി.എസ് ധനോവ കോയമ്പത്തൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും ഭീകരകേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് ആക്രമണം നടന്നതെന്നു മാത്രം പറയുകയാണ് ചെയ്തത്. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും വ്യോമസേനാ മേധാവി പ്രതികരിച്ചില്ല. അതേസമയം, വ്യോമാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി വിദേശമാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും തീവ്രവദത്തിനെതിരായ പോരാട്ടത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയവല്‍കരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു. പ്രധാന രാജ്യാന്തര മധ്യമങ്ങളുടെ പേരുകള്‍ പറഞ്ഞ് ട്വിറ്ററിലിട്ട കുറിപ്പിലാണ് സിബലിന്റെ പ്രസ്താവന.
'മോദിജീ... ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, റോയിട്ടേഴ്‌സ്, ഗാര്‍ഡിയന്‍, ടെലഗ്രാഫ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും തന്നെ പാകിസ്താനില്‍ നടത്തിയ ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത് കാണുന്നില്ല. നിങ്ങള്‍ തീവ്രവാദത്തെ രാഷ്ട്രീയവല്‍കരിക്കുകയല്ലേ ചെയ്യുന്നത്- സിബല്‍ ചോദിക്കുന്നു. ആക്രമണം സംബന്ധിച്ച ദുരൂഹത മാറ്റണമെന്ന് മറ്റൊരു മുതിര്‍ന്ന നേതാവ് പി. ചിദംബരവും ആവശ്യപ്പെട്ടു. അഭിമാനിയായ ഒരു പൗരനെന്ന നിലക്ക് എനിക്ക് കേന്ദ്രസര്‍ക്കാരിനെ വിശ്വസിക്കാനാണ് ഇഷ്ടം. ആക്രമണത്തിന്റെ ആള്‍നാശം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യോമസേന മറുപടി പറഞ്ഞിട്ടില്ല. പിന്നെ ആരാണ് 300-350ന്റെ കണക്ക് പുറത്തുവിട്ടത്? വ്യോമാക്രമണം നടന്നയുടന്‍ ആദ്യം വ്യോമസേനയെ പ്രശംസിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ്. എന്തുകൊണ്ടാണ് സേനയെ അഭിവാദ്യം ചെയ്യാന്‍ മോദി മറന്നത്?- ചിദംബരം ചോദിച്ചു.
പിന്നാലെ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ധുവും രംഗത്തുവന്നു. വ്യോമാക്രമണത്തില്‍ ഒരാളും മരിച്ചില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സത്യത്തില്‍ തീവ്രവാദികളെയാണോ മരങ്ങളെയാണോ നിങ്ങള്‍ തൂത്തെറിഞ്ഞതെന്നും സിദ്ധു ചോദിച്ചു.
അതിനിടെ, കൊല്ലപ്പെട്ടത് 250 ഭീകരരാണെന്ന അവകാശവാദവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ രംഗത്തുവന്നു. എല്ലാവരും കരുതുന്നത് മിന്നലാക്രമണത്തിനു കഴിയില്ല എന്നാണ്. എന്നാല്‍ മോദിസര്‍ക്കാരിനു കീഴില്‍ ഒരു വ്യോമാക്രമണം നടത്തി 250 ഭീകരരെ കൊലപ്പെടുത്തി, അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."