മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കു പെന്‍ഷന്‍; റിപ്പോര്‍ട്ട് ജൂലൈയില്‍ സമര്‍പ്പിക്കും
തിരുവനന്തപുരം: മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കു ക്ഷേമനിധി പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത് പരിശോധിക്കാന്‍ പഞ്ചായത്ത് അഡിഷണല്‍ ഡയറക്ടര്‍ കണ്‍വീനറായി രൂപീകരിച്ച കമ്മിറ്റി ജൂലൈ 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു. കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയ്ക്കു ശേഷം ബില്‍ സഭ പാസാക്കി.
ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ അവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരം ബന്ധപ്പെട്ട അധികാരിക്കു നല്‍കുന്നതിനുള്ള കാലാവധി ചുമതലയേറ്റ ദിവസം മുതല്‍ 30 മാസം വരെയാക്കി ദീര്‍ഘിപ്പിക്കുന്നതാണ് ഭേദഗതി. നിലവില്‍ ഇത് 15 മാസമാണ്. പല കാരണങ്ങളാലും നിലവിലെ സമയപരിധിക്കുള്ളില്‍ സ്വത്തുവിവരം സമര്‍പ്പിക്കാന്‍ ജനപ്രതിനിധികള്‍ക്കു സാധിക്കാതെ വന്ന സാഹചര്യം കണക്കിലെടുത്താണ് ഭേദഗതി.
നിരവധി ജനപ്രതിനിധികള്‍ യഥാസമയം സ്വത്തുവിവരം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ നിര്‍ബന്ധിതാവസ്ഥയിലാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രി ബാലന്‍ പറഞ്ഞു.
ഇതു ചെയ്തില്ലെങ്കില്‍ 1,300ഓളം ജനപ്രതിനിധികള്‍ അയോഗ്യരാവും. നിയമത്തെക്കുറിച്ചു വ്യക്തതയില്ലാത്തതിനാലാണ് അവരിതു സമര്‍പ്പിക്കാന്‍ വൈകിയത്. തുടക്കത്തില്‍ത്തന്നെ ലോകായുക്തയ്ക്കു കണക്കു നല്‍കിയതിനാല്‍ ഇനി മറ്റൊരു അധികാര കേന്ദ്രത്തിനു കണക്കു നല്‍കേണ്ടതില്ലെന്ന ധാരണ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷം ഭേദഗതി എതിര്‍ത്തു. ഇത്ര നീണ്ട കാലാവധി നല്‍കേണ്ടതില്ലെന്നും അയോഗ്യരാകുന്നത് ഒഴിവാക്കാനാണെങ്കില്‍ ലോകായുക്തയ്ക്കു നേരത്തെ കണക്കു കൊടുത്തവര്‍ ഇനി മറ്റാര്‍ക്കും അതു നല്‍കേണ്ടതില്ലെന്ന വ്യവസ്ഥ കൊണ്ടുവരികയാണ് വേണ്ടതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ചര്‍ച്ചയില്‍ കെ.എം.മാണി, സജി ചെറിയാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മഞ്ഞളാംകുഴി അലി, പി.കെ.ബഷീര്‍, പി. ഉബൈദുല്ല, പി.സി.ജോര്‍ജ്, വി.ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."