ഫലസ്തീനായുള്ള ജറുസലേമിലെ യു.എസ് എംബസി അടച്ചുപൂട്ടി
വാഷിങ്ടണ്‍: ഫലസ്തീനിനായുള്ള ജറുസലേമിലെ യു.എസ് എംബസി അടച്ചുപൂട്ടി. ഇത് ഇസ്‌റാഈലിലെ യു.എസ് എംബസിയിലേക്ക് ലയിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ഫല്‌സതീന്‍ വിഷയത്തിന് നല്‍കിയിരുന്ന പ്രത്യേക പരിഗണനയാണ് ഇതോടെ യു.എസ് അവസാനിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ നയന്ത്ര ബന്ധങ്ങള്‍ കാര്യക്ഷമമാക്കുന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് റോബര്‍ട്ട് പല്ലാഡിയാനോ പറഞ്ഞു. ജറുസലേം, ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവയോട് ഇതുവരെ സ്വീകരിച്ചിരുന്ന നയങ്ങളില്‍ നിന്നുള്ള മാറ്റമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ യു.എസ് നീക്കത്തിനെതിരേ ഫലസ്തീന്‍ രംഗത്തെത്തി. ഫലസ്തീനികളോടും അവരുടെ അവകാശങ്ങളോടുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ശത്രുതയുടെ ഭാഗമായാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളോടുള്ള ലംഘനമാണെന്നും മുതിര്‍ന്ന ഫലസ്തീന്‍ നേതാവ് ഹനാന്‍ അഷ്‌റവി പറഞ്ഞു. ഫലസ്തീന്‍ വിഷയത്തിലുള്ള പ്രത്യേക പരിഗണന ഒഴിവാക്കുന്ന തീരുമാനം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രഖ്യാപിച്ചത്. എന്നാല്‍ എംബസി ഇസ്‌റാഈലിലേക്ക് ലയിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
ജറുസലേമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കുകയാണെന്നുള്ള ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ അന്താരാഷ്ട്ര തലത്തില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2017 ഡിസംബറിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."