അമ്യൂസ്മെന്റ് പാര്‍ക്കിനെതിരേ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
തൊടുപുഴ: ആനച്ചാലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അമ്യൂസ്മെന്റ് പാര്‍ക്കിനെതിരെ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഡ്രീംലാന്റ് സ്പൈസ് പാര്‍ക്കിനെതിരെയാണ് ഇന്റലിജന്‍സ് മേധാവിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.
മനച്ചിരിക്കല്‍ ജോസഫ് വര്‍ക്കി, കിഴക്കേല്‍ ലില്ലി മത്തായി എന്നിവരുടെ ഉടമസ്ഥതയില്‍ രണ്ട് സര്‍വ്വേ നമ്പരുകളിലായുള്ള വസ്തുവിലാണ് പാര്‍ക്ക്. എഴുകുംവലല് വേഴാമ്പത്തോട്ടത്തില്‍ ഷാജി ജോര്‍ജാണ് പാര്‍ക്ക് നടത്തുന്നത്. പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് ലൈസന്‍സും ഫയര്‍ഫോഴ്സിന്റെ സുരക്ഷാ പരിശോധന റിപ്പോര്‍ട്ടും ഇല്ലാതെയാണ്.
ആളൊന്നിന് 1000 രൂപ പ്രവേശന ഫീസ് വാങ്ങുന്ന പാര്‍ക്ക് അധികൃതര്‍ ലക്ഷങ്ങളുടെ നികുതിയാണ് വെട്ടിക്കുന്നത്. സുരക്ഷാ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പാര്‍ക്കില്‍ സവാരിക്കായി ഒട്ടകങ്ങളെ ഉപയോഗിക്കുന്നു.
ഇതിന് മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയില്ല. വെള്ളത്തൂവല്‍ പഞ്ചായത്ത് 2006ല്‍ ഈട്ടിസിറ്റി ഭാഗത്ത് കുടിവെള്ളം എത്തിക്കുന്നതിന് 3,41,000 രൂപ മുടക്കി നിര്‍മിച്ചിരിക്കുന്ന കുടിവെള്ള പദ്ധതി ഈ പാര്ക്കിനുള്ളിലാണിപ്പോള്. ഈ കുടിവെള്ള പദ്ധതിയില്‍ നിന്ന് പാര്‍ക്ക് നടത്തിപ്പിനായി വന്‍തോതില്‍ കുടിവെള്ളം ചൂഷണം ചെയ്യുന്നുണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്. പൊലിസും ജില്ലാഭരണകൂടവും ഈ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."