മുഖ്യപ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു
കാസര്‍കോട്: പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരതിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെയും രണ്ടാംപ്രതിയെയും കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
മൂന്നുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ട ഒന്നാം പ്രതി സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം കല്ല്യോട്ടേ എം. പീതാംബരനെയും രണ്ടാംപ്രതിയും അക്രമം നടത്തിയവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമയുമായ സജി ജോര്‍ജിനെയും ചോദ്യം ചെയ്യാന്‍ അനുവദിച്ച കാലാവധി അവസാനിച്ചതോടെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് കോടതി രണ്ട് പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചത്.
കഴിഞ്ഞ ദിവസം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുത്ത അഞ്ചുപ്രതികളെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. പീതാംബരനെയും സജി ജോര്‍ജിനെയും ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങള്വച്ചാണ് മറ്റു പ്രതികളെ ചോദ്യം ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ സുരേഷ്, ജിഗിന്, അനില്‍, ശ്രീരാഗ്, അശ്വിന് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് എസ്.പി ബാബു തോമസിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം കല്ല്യോട്ട് എത്തിയ സംഘം കൊലപാതകം നടന്ന സ്ഥലവും കൊല്ലപ്പെട്ടവരുടെ വീടുകളിലുമെത്തി അന്വേഷണം നടത്തിയിരുന്നു. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ അഴിച്ചുപണിത സംഭവത്തില്‍ ഉടലെടുത്ത വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. പുതുതായി രൂപീകരിച്ച സംഘത്തില്‍ സി.പി.എം അനുഭാവികളാണെന്ന ആരോപണമാണ് കൊല്ലപ്പെട്ടവരുടെ കുടുംബവും കോണ്‍ഗ്രസ് നേതൃത്വവും ഉന്നയിക്കുന്നത്. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ കുടുംബവും കോണ്‍ഗ്രസ് നേതൃത്വവും ഉറച്ചുനില്‍ക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി എട്ടരയോടെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരതിനെയും വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഏഴുപേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഏഴുപ്രതികളെയും ലോക്കല്‍ പൊലിസില്‍നിന്ന് അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റും അനുബന്ധ കേസുകളും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."