കടുത്ത വരള്‍ച്ചയില്‍ ആയിരങ്ങള്‍ക്ക് ആശ്രയമായി കവിഞ്ഞൊഴുകുന്ന കുഴല്‍കിണര്‍
രാജാക്കാട്: എന്‍.ആര്‍ സിറ്റി കനകപ്പുഴ വലിയതാഴത്ത് തങ്കച്ചന്റെ പുരയിടത്തിലെ കുഴല്‍കിണറില്‍ നിന്നൊഴുകുന്നത് പച്ചവെള്ളം മാത്രമല്ല, കരുതലും സഹജീവിസ്‌നേഹവും അമൃതായി കവിഞ്ഞൊഴുകുകയാണിവിടെ. കുടിവെള്ളക്ഷാമം രൂക്ഷമായ കനകപ്പുഴ മേഖലയിലും രാജാക്കാട്, സേനാപതി പഞ്ചായത്തുകളിലും താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്കും വേനല്‍ വറുതിയില്‍ ദാഹജലമേകുന്ന തങ്കച്ചന്റെ കുഴല്‍കിണര്‍ ഒരു നാടിന്റെ പുണ്യമാകുന്നത് അങ്ങനെയാണ്.
തങ്കച്ചന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന കിണറിലെയും സമീപത്തൊഴുകുന്ന പന്നിയാര്‍ പുഴയിലെയും വെള്ളം രണ്ട് മാസം മുന്‍പ് വറ്റിയതോടെയാണ് ഉണ്ടായിരുന്ന കുരുമുളകും ഏലക്കായും വിറ്റും ബാക്കി പണം കടം വാങ്ങിയും തങ്കച്ചന്‍ പുരയിടത്തിലൊരു കഴല്‍ കിണര്‍ കുത്തിയത്. 280 അടി താഴ്ത്തിയപ്പോഴേക്കും ഉറവ പൊടിഞ്ഞെങ്കിലും പിന്നെയും ആഴം കൂട്ടി താഴ്ത്തി. 680 അടി താഴ്ച്ചയിലെത്തിയതോടെ വെള്ളം പുറത്തേക്ക് ശക്തിയായി പ്രവഹിച്ച് വീണ്ടും കുഴിക്കാന്‍ കഴിയാതെ വന്നു. അന്നു മുതല്‍ ഇന്നുവരെ ഈ ജലപ്രവാഹം അണമുറിയാതെ തുരുന്നു.
ആവശ്യത്തിലധികം വെള്ളമുള്ളതിനാല്‍ കൃഷിയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നായിരുന്നു കുടുംബാംഗങ്ങള്‍ ആദ്യം വിചാരിച്ചത്. പക്ഷെ സമീപത്തുള്ള കുടുംബങ്ങളെല്ലാം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത് കണ്ട് ഈ തീരുമാനം ഇവര്‍ വേണ്ടെന്നു വച്ചു. കവിഞ്ഞൊഴുകുന്ന വെള്ളം കൊണ്ടുപോകാന്‍ കുഴല്‍കിണറില്‍ ഒരു പൈപ്പ് സ്ഥാപിച്ച ശേഷം ഇത് വീടിനു താഴെയുള്ള റോഡ് വരെയെത്തിച്ച് ഒരു വാല്‍വും സ്ഥാപിച്ചു. ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വെള്ളമെടുത്ത് കൊണ്ടുപോകാന്‍ കഴിയുന്ന വിധമാണ്‌പൈപ്പും ടാപ്പും സ്ഥാപിച്ചിരിക്കുന്നത്. ദൂരസ്ഥലങ്ങളിലുള്ളവര്‍ വാഹനത്തിലെത്തി ഈ ഹോസില്‍ നിന്നും വെള്ളമെടുത്ത് കൊണ്ടുപോകുന്നുണ്ട്.
രാജാക്കാട് പഞ്ചായത്തിലെ 13 വാര്‍ഡുകളിലും പഞ്ചായത്ത് ഭരണസമിതി മുന്‍കൈയ്യെടുത്ത് ഇവിടെ നിന്നും വാഹനത്തില്‍ വെള്ളം കൊണ്ടുപോയി സൗജന്യമായി വിതരണം ചെയ്യുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ 1000 രൂപ വരെ നല്‍കി കുടിവെള്ളം വാങ്ങുന്ന നാട്ടില്‍ ഒരു രൂപ പോലും ഈടാക്കാതെയാണ് തങ്കച്ചന്‍ വെള്ളം കൊടുക്കുന്നത്. ഇതോടെ അമിതലാഭത്തിനു വേണ്ടി നാട്ടുകാരെ ചുഷണം ചെയ്ത് വെള്ളം വില്‍ക്കുന്നവര്‍ക്കും കനത്ത തിരിച്ചടിയായി. കിണറില്‍ നിന്നും കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയൊരു കനാല്‍ നിര്‍മിച്ച് വീടിനു താഴെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്തേക്ക് തിരിച്ച് വിട്ടിരിക്കുകയാണ് തങ്കച്ചനെന്ന മനുഷ്യസ്‌നേഹി. ശുദ്ധജലം ദൈവത്തിന്റെ വരദാനമാണെന്നും ഇതിന് എല്ലാവര്‍ക്കും ഒരു പോലെ അവകാശമുണ്ടെന്നുമാണ് തങ്കച്ചന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."