വേനല്‍ കനത്തു; നാടും നഗരവും ചുട്ടുപൊള്ളുന്നു
തൊടുപുഴ: കടുത്ത വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ മാര്‍ഗമില്ലാതെ നാട് വലയുന്നു. പകലും രാത്രിയും സമാനമായ അന്തരീക്ഷമാണ് നഗരത്തിലും സമീപപ്രദേശങ്ങളിലും.
പകല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ ശീതളപാനീയങ്ങളും പഴവര്‍ഗങ്ങളുമാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഇതോടെ വിപണിയില്‍ വില കുതിച്ചുയരുകയും ചെയ്യുന്നുണ്ട്. ഇടയ്ക്ക് വേനല്‍ മഴ പെയ്യുന്നുണ്ടെങ്കിലും ഇതും ചൂടിന് പരിഹാരമാകുന്നില്ല. അന്തരീക്ഷ താപനിലയും പകല്‍ച്ചൂടും ദിവസംതോറും ഉയരുകയാണ്. ഉഷ്ണം കാരണം രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ജനം. ശരീരത്ത് ജലാംശം നഷ്ടമാകുന്ന സ്ഥിതിയില്‍ മനുഷ്യനും മൃഗങ്ങളും ക്ലേശിക്കുന്നു.
പുരയിടങ്ങളിലെയും പുറത്ത് നിര്‍മാണ മേഖലയിലെയും തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് പകലിന്റെ ചൂട് ഏറെ ഏല്‍ക്കേണ്ടിവരുന്നത്.
കന്നുകാലികളെപ്പോലും കൂട്ടില്‍ നിന്നഴിച്ച് വെളിയില്‍ കെട്ടാന്‍ കഴിയുന്നില്ല. ഇരുചക്ര വാഹനങ്ങളിലുള്ള യാത്രപോലും പകല്‍സമയങ്ങളില്‍ കഠിനമായിരിക്കുകയാണ്.
35 ഡിഗ്രി സെല്‍ഷ്യസായിരുന്നു തൊടുപുഴയിലെ ഇന്നലത്തെ കൂടിയ താപനില. മനുഷ്യര്‍ക്കെന്നപോലെ വളര്‍ത്തുമൃഗങ്ങള്‍ക്കും കുടിവെള്ളം കിട്ടാക്കനിയാകാന്‍ തുടങ്ങി. സ്വാഭാവിക ജലസ്രോതസുകളും തോടുകളും വറ്റിയ സ്ഥിതിയിലാണ്.
വേനല്‍ ചൂട് ഉയരുന്നതിനാല്‍ നാട് പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ഇപ്പോള്‍തന്നെ ചിക്കന്‍പോക്‌സ്, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മിക്ക സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.
സര്‍ക്കാര്‍ വക ഹോമിയോ ക്ലിനിക്കുകളില്‍ ചിക്കന്‍പോക്‌സിനെതിരായ പ്രതിരോധ മരുന്നുകള്‍ ലഭ്യമാണ്. വേനല്‍ചൂട് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമെന്നതുപോലെ സസ്യങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും കനത്ത നാശമാണ് വരുത്തിവെച്ചുകൊണ്ടിരിക്കുന്നത്.
മലയോര കര്‍ഷകരുടെ വിവിധയിനം കൃഷികള്‍ക്ക് വന്‍ ഭീഷണിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൂടിയ അന്തരീക്ഷതാപനിലയും കടുത്ത ചൂടും മാരക രോഗങ്ങള്‍ക്ക് കാരണമായേക്കാം. പ്രതിരോധിക്കുവാന്‍ കൃത്യമായ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായകരമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."