ജനസേവ ശിശുഭവന്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നതായി സര്‍ക്കാര്‍
കൊച്ചി: ആലുവ ജനസേവ ശിശുഭവനില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജനസേവയില്‍ 60 ആണ്‍കുട്ടികളും 44 പെണ്‍കുട്ടികളുമുള്‍പ്പെടെ 104 പേരാണ് ഉണ്ടായിരുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇവരില്‍ ഇതര സംസ്ഥാനത്തെ കുട്ടികളും ഉണ്ട്. പല കുട്ടികള്‍ക്കും നാട്ടില്‍ രക്ഷിതാക്കളുണ്ട്. ആ നിലയ്ക്ക് ഇവരെ തടഞ്ഞുവച്ചിരിക്കുന്നത് കുറ്റകരമാണെന്നും ജനസേവയില്‍ നിന്ന് 50 കുട്ടികളെ കാണാതായതിന് അവര്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇവിടെയുള്ള കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം തെരുവിലേക്ക് വലിച്ചിഴയ്ക്കുകയാണ് പലപ്പോഴും ചെയ്തത്. പണം ശേഖരിക്കാന്‍ കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പത്രപ്പരസ്യം നല്‍കുകയും ബ്രോഷര്‍ അടിച്ചിറക്കുകയും ചെയ്തു. ബാലനീതി നിയമത്തിന്റെ ലംഘനമാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ജനസേവ ശിശുഭവന് ബാലനീതി നിയമപ്രകാരമുള്ള രജിസ്‌ട്രേഷനില്ല. ജനസേവ അധികൃതരുടെ പക്കല്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് കണ്ടാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇവരെ പുനരധിവസിപ്പിക്കുന്നതുവരെയാണ് ഏറ്റെടുത്തിട്ടുള്ളത്. കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളില്‍ പോക്‌സോ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കേസുകള്‍ എടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ ഇവിടേക്ക് കൊണ്ടുവരുന്നത് മനുഷ്യക്കടത്തിനു വേണ്ടിയാണോ എന്നതടക്കം അന്വേഷിക്കണം. നാട്ടില്‍ മേല്‍വിലാസമുള്ള കുട്ടികള്‍ക്കു പോലും ജോസ് മാവേലിയുടെ സംരക്ഷണയിലാണെന്ന് കാണിച്ച് ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ചെങ്ങമനാട്, കുറ്റിപ്പുറം, അയിരൂര്‍, തങ്കമണി തുടങ്ങിയ പൊലിസ് സ്റ്റേഷനുകളില്‍ ഇതിനു കേസുകളുണ്ടെന്നും സാമൂഹ്യ ക്ഷേമ-വനിതാശിശു വികസന വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരേ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനിടെ ഹരജി പിന്‍വലിക്കാന്‍ ജനസേവ ശിശു ഭവന്‍ അധികൃതര്‍ അനുമതി തേടിയത് ഹൈക്കോടതി അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."