മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള സാധ്യത പരിഗണിക്കണം: സംസ്ഥാനങ്ങളോട് സുപ്രിം കോടതി
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈനായി നല്‍കുന്നത് സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രിം കോടതി.ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
മദ്യ വില്‍പ്പന ശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ തടിച്ചു കൂടന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള മാര്‍ഗം പരിഗണിക്കണമെന്നാണ് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ അശോക് ഭൂഷണ്, സഞ്ജയ് കൗള്‍, ബി.ആര്.ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗാമായിട്ടാണ് രാജ്യത്ത് ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മദ്യവില്പനക്ക് അനുമതി നല്‍കിയത്.അതേസമയം പഞ്ചാബ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മദ്യം ഹോം ഡെലിവറി ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
മദ്യശാലകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ മദ്യം വാങ്ങാന്‍ ഇ ടോക്കണ്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ വന്നതോടെയാണ് ഇ ടോക്കണ്‍ സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."