ബജറ്റില്‍ പൊന്നാനിക്ക് കൈത്താങ്ങ്
പൊന്നാനി: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പൊന്നാനിക്ക് കൈത്താങ്ങ്. കാലങ്ങളായി പൊന്നാനി ആവശ്യപ്പെടുന്ന കര്‍മ റോഡിന് 32 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കാലങ്ങളായി പാതിവഴിയില്‍ മുടങ്ങിയ ഈ റോഡിന് പണം അനുവദിച്ചതോടെ പൊന്നാനിയുടെ അടിസ്ഥാന വികസനത്തിന് മുതല്‍ക്കൂട്ടാവും. റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ നഗരത്തിലെ തിരക്കുകള്‍ക്ക് പരിഹാരമാകും.
പൊന്നാനി നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിയും ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. കുടിവെള്ള ശുദ്ധീകരണ പ്ലാന്റില്ലാത്ത ഏക നഗരസഭയാണ് പൊന്നാനി. കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കാന്‍ ഡി.എം.ആര്.സിയുടെ കീഴില്‍ പദ്ധതി തയാറാക്കിയിരുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പൊന്നാനി നഗരസഭക്ക് പുറമെ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്, തവനൂര്‍ പഞ്ചായത്തുകളില്‍ ഇതിന്റെ ആനുകൂല്യം ലഭിക്കും.
പൊന്നാനി എം.എല്‍.എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ സ്വപ്നപദ്ധതിയായ ടൂറിസം സെസ്റ്റിനേഷന്‍ പദ്ധതിക്ക് ബജറ്റില്‍ തുക വകയിരിത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊന്നാനിയില്‍ രാജ്യാന്തര നിലവാരമുള്ള മറൈന്‍ മ്യൂസിയം ഇതിന്റെ ഭാഗമായി നിര്‍മാണം കഴിഞ്ഞ വര്‍ഷം തുടങ്ങിയിരുന്നു.
ഇതിനു പുറമെ പൊന്നാനിയിലെ സാംസ്കാരിക ശേഷിപ്പുകളെ സൂക്ഷിക്കുന്ന നിള കലാ ഗ്രാമം പദ്ധതിയും ഇതിന്റെ ഭാഗമായുണ്ട്. ഇതിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ രണ്ട് വര്‍ഷം മുമ്പാണ് തുടങ്ങിയത്. പൊന്നാനിയെ ടൂറിസം ഹബ്ബാക്കി മാറ്റുന്ന പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിന് പുറമെ പൊന്നാനിയിലെ വാണിജ്യ തുറമുഖത്തെ യാത്രാ തുറമുഖമാക്കി മാറ്റുന്ന പദ്ധതിയും ബജറ്റിലുണ്ട്. നഗരസഭയെയും വെളിയങ്കോട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പൂക്കൈത കടവ് പാലത്തിന് 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മാറഞ്ചേരി പഞ്ചായത്തിലെ വടമുക്കിനെയും തവനൂര്‍ പഞ്ചായത്തിലെ കോലളമ്പിനെയും ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് പാലത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചമ്രവട്ടം ജലസംഭരണിയുടെ ചോര്‍ച്ച അടക്കാന്‍ പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."