രക്ഷിതാവ് എന്ന കലാകാരന്‍
മനുഷ്യന് അല്ലാഹു നല്‍കിയ ഉന്നതമായ അനുഗ്രഹമാണ് കുടുംബം എന്ന സാമൂഹികസ്ഥാപനം. ധാരാളം ഖുര്‍ആന്‍ വചനങ്ങളും നിരവധി ഹദീസുകളും ഇക്കാര്യം വിശദമാക്കുന്നു. മതപരമായ മൂല്യങ്ങള്‍ക്ക് മറ്റെന്തിനേക്കാളും ഇസ്‌ലാം പരിഗണന നല്‍കുന്നു. കുടുംബസങ്കല്‍പവും ഇങ്ങനെയാണ്. അതിനാല്‍ മതമൂല്യങ്ങളില്‍ അധിഷ്ഠിതമായി വ്യക്തിയെ വാര്‍ത്തെടുക്കാനുള്ള പ്രാഥമിക ഇടം എന്ന നിലയില്‍ 'കുടുംബം' പ്രാധാന്യമര്‍ഹിക്കുന്നു. ജനിച്ച കുട്ടി അനുകരണങ്ങളിലൂടെയാണ് വ്യക്തിത്വം രൂപപ്പെടുത്തി എടുക്കുന്നത്. ഈ കാഴ്ചപ്പാടില്‍ നിന്ന് കുടുംബാംഗങ്ങളില്‍ ഇസ്‌ലാമികമൂല്യങ്ങളെ വളര്‍ത്തിയെടുക്കാന്‍ തിരുമേനി(സ) സ്വീകരിച്ച മാതൃകയാക്കല്‍ അഥവാ മോഡലിങ് ആധുനിക മനഃശാസ്ത്രവും എന്‍.എല്‍.പി പോലെയുള്ള പ്രായോഗിക മനഃശാസ്ത്ര ചികിത്സാ രീതികളുമെല്ലാം ഇന്ന് ശരി വയ്ക്കുന്നു.
അപ്പോള്‍ നല്ല കുടുംബത്തെ വാര്‍ത്തെടുക്കുന്നത് ഇസ്‌ലാമികമായി പറഞ്ഞാല്‍ ഒരു ഇബാദത്ത് കൂടിയാണ്. കുടുംബം വിവാഹം മുതല്‍ ആരംഭിക്കുന്നു. വിവാഹസമയം മുതല്‍ ദുആ ചെയ്യുന്നത് കുടുംബജീവിതത്തിന്റെ അടിത്തറയായി വരുന്നു. ഇണകള്‍ തമ്മിലുള്ള ശാരീരികബന്ധത്തിന്റെ ഘട്ടത്തിലും പ്രാര്‍ഥന പ്രത്യേകം നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. അത് മുതല്‍ ഗര്‍ഭകാലത്തും പ്രസവഘട്ടത്തിലും അന്നപാനീയങ്ങള്‍ നല്‍കുന്ന സമയത്തും പുതുവസ്ത്രം അണിയിക്കുമ്പോഴും ഒക്കെ പ്രാര്‍ഥനയിലൂടെ ഇലാഹീ സാന്നിധ്യത്തിലേക്ക് കുട്ടിയെ കൊണ്ട് പോവേണ്ടതുണ്ട്. ഇത് നിര്‍വഹിക്കേണ്ടത് രക്ഷിതാക്കളാണ്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഈ ശിക്ഷണരീതി ഇസ്‌ലാം നിര്‍ദേശിക്കുന്നു. അപ്പോള്‍ വിവാഹത്തിന് മുമ്പ് രണ്ട് കുടുംബങ്ങളും പരസ്പരം നന്നായി അന്വേഷിക്കണം. കാരണം വിവാഹത്തിലൂടെ രണ്ട് വ്യക്തികള്‍ മാത്രമല്ല ഒന്നാകുന്നത്, രണ്ട് കുടുംബങ്ങള്‍, രീതികള്‍, നാടുകള്‍, ശീലങ്ങള്‍ എന്നിങ്ങനെ പല കാര്യങ്ങളാണ്. പിതാവ്, മാതാവ്, മക്കള്‍ എന്നീ അടിസ്ഥാനഘടകത്തിനപ്പുറം കുടുംബത്തിലെ ഓരോ അംഗത്തിനും വലിയ പ്രാധാന്യമുണ്ട്. ആരോഗ്യകരമായി ഒരു കുടുംബത്തെ രൂപപ്പെടുത്തിയെടുക്കാന്‍ പല കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. എന്റെ കുടുംബം: എന്താണ് എന്റെ കുടുംബം എന്ന് പിതാവിന് കൃത്യമായ ബോധ്യമുണ്ടാവണം. മതപരം, സാംസ്‌കാരികം, സാമ്പത്തികം, വിദ്യാഭ്യാസപരം, സാമൂഹികം എന്നീ തലങ്ങളില്‍ താനും കുടുംബവും ഏത് തരത്തിലായിരിക്കും എന്നും ഏത് തരത്തിലായിരിക്കില്ല എന്നും തുടക്കം തൊട്ട് തന്നെ ധാരണ ഉണ്ടാവണം. ഈ ധാരണകളെ ഇണയുമായി കൃത്യമായി സംസാരിച്ച് ബോധ്യപ്പെടുത്തിയിരിക്കണം.
2. ആശയവിനിമയം: കോപിക്കാതെയും വൈകാരികമായി ക്ഷോഭിക്കാതെയും കാര്യങ്ങള്‍ പറയുന്ന രീതി വീട്ടിലെ ഓരോ അംഗങ്ങളും സ്വീകരിക്കണം. സ്ഥിരമായി ഒരു കുടുംബത്തിലുള്ള അംഗങ്ങള്‍ മുമ്പേ നിശ്ചയിച്ച വിധത്തില്‍ ആഴ്ചയിലെ ഏതാനും ദിവസങ്ങള്‍ ഒരുമിച്ചിരിക്കണം. ഹൃദ്യമായി സംസാരിക്കണം. ഫലിതം പങ്കുവെക്കണം. പരസ്പരം നല്ല കാര്യങ്ങള്‍ പറഞ്ഞ് പ്രോത്സാഹിപ്പിക്കണം. വിമര്‍ശനങ്ങളെ ദേഷ്യത്തോടെയല്ലാതെ ക്രിയാത്മകമായി ബോധ്യപ്പെടുത്തണം.
3. തുല്യ പരിഗണന: ഓരോ വ്യക്തിക്കും ഈഗോ അഥവാ വ്യക്തിത്വബോധം ഉണ്ട്. അതിനെ തൃപ്തിപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ വലിയ പ്രയാസമുണ്ടാവും. അതിനാല്‍ ഓരോ അംഗത്തിനും തുല്യമായ വൈകാരികമായ പങ്ക് കിട്ടണം. ബുദ്ധിപരമായി വികസിക്കാന്‍ അറിവ് കൊടുക്കണം. സ്വയം പര്യാപ്തമാക്കാന്‍ വിവേകം പകര്‍ന്ന് നല്‍കണം. ഓരോ അംഗവും തുല്യപങ്ക് അനുഭവിക്കണം. ലിംഗപരമായ വ്യത്യാസങ്ങള്‍ അസമത്വത്തിന് കാരണമാകരുത്. പാര്‍ടിസിപ്പേഷന്‍ ലീഡര്‍ ആണ് വീട്ടിലെ ഓരോരുത്തരും. വീട്ടിലെ ജോലികളും വീതിക്കപ്പെടണം. പാചകം, വൃത്തിയാക്കല്‍, അലക്കല്‍, വിറക് തയ്യാറാക്കല്‍ തുടങ്ങി ഓരോ കാര്യങ്ങളും എല്ലാവര്‍ക്കും ചെയ്യാവുന്ന രീതി രൂപപ്പെടുത്തണം.
4. ശീലങ്ങളുടെ ഇടം: മാതാപിതാക്കള്‍ ഇസ്‌ലാമികമായി നല്ല അറിവ് നേടിയിരിക്കണം. അത് പ്രായോഗികമായി ജീവിതത്തിന്റെ ഭാഗമാക്കണം. അതിനെ കുട്ടികളിലേക്ക് മനപ്പൂര്‍വ്വമല്ലാതെ കൈമാറ്റം ചെയ്യണം. (ഉദാഹരണത്തിന് ഭക്ഷണസമയത്ത് എല്ലാവരും ഒന്നിച്ചിരിക്കാന്‍ ശ്രമിക്കുക. കൈ കഴുകിയില്ലേ എന്ന് ചോദ്യത്തിലൂടെ ഉറപ്പ് വരുത്തുക. പിതാവോ മാതാവോ എല്ലാവര്‍ക്കും ആദ്യതവണ ഭക്ഷണം വിളമ്പുക. എല്ലാവരും ഇരുന്ന് കഴിക്കാനൊരുങ്ങുമ്പോള്‍ മാതാപിതാക്കളിലൊരാള്‍ അല്പം ഉറക്കെ ബിസ്മി ചൊല്ലുക, വൃത്തിയോടെ കഴിക്കുക. ശേഷം ഹംദ് ചൊല്ലുക.) വസ്ത്രധാരണം, ഉറക്കം, പഠനം, ഇബാദത്ത് തുടങ്ങി എല്ലാ കാര്യത്തിലും ഈ സ്വാഭാവികത കൊണ്ടുവരാനായാല്‍ ആ കുടുംബം മാതൃകായോഗ്യമായിരിക്കും. ചെറിയകുട്ടികള്‍ക്ക് ബാത്‌റൂമിനകത്ത് ഉപയോഗിക്കാന്‍ പാകമുള്ള ചെരുപ്പുകള്‍ വാങ്ങുന്നത് മറ്റൊരു ഉദാഹരണം. ശീലങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ രക്ഷിതാക്കളില്ലാത്തപ്പോള്‍ അത് പാലിക്കുകയില്ല.
5. നിരീക്ഷണം: രക്ഷിതാക്കള്‍ മക്കളെയും തന്റെ കുടുംബത്തെയും എപ്പോഴും ജാഗ്രതയോടെയും പക്വതയോടെയും നിരീക്ഷിക്കണം. മക്കളില്‍ ഉണ്ടാകാവുന്ന വീഴ്ചകളെ വലിയ ഭയത്തോടെ കാണണം. എന്നാല്‍ ആ ഭയം ഒരിക്കലും പ്രകടിപ്പിക്കരുത്. വിവേകപൂര്‍ണ്ണമായി പരിഹരിക്കപ്പെടണം. രക്ഷിതാക്കള്‍ എങ്ങനെ സംസാരിക്കുന്നു, ആരോടൊക്കെ എങ്ങനെയൊക്കെ പെരുമാറുന്നു എന്നൊക്കെ മക്കള്‍ നിരീക്ഷിക്കും. അപ്പോള്‍ ഓരോ നിമിഷവും ഞാന്‍ രക്ഷിതാവാണ് എന്ന് മാതാപിതാക്കള്‍ മനസ്സിലാക്കിയേ പറ്റൂ. കുടുംബത്തിലെ മറ്റു അംഗങ്ങളുടെ കുറ്റങ്ങളും കുറവുകളും മക്കളുടെ മുന്നില്‍ വെച്ച് പറയുന്നത് വീഴ്ചക്ക് ഉദാഹരണം. മക്കള്‍ പാഠമാക്കുമെന്നതിനാല്‍ സത്യസന്ധതയും മൂല്യബോധവും ഇസ്‌ലാമികമായി തന്നെ രക്ഷിതാക്കളില്‍ ഉണ്ടാവണം.
6. സ്വാതന്ത്ര്യബോധവും ആത്മവിശ്വാസവും: പട്ടം പറത്തുന്നത് പോലെയാണ് മക്കളെ വളര്‍ത്തുന്നത്. ഉറപ്പുള്ള വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയ പട്ടം ബലമുള്ള നൂല് കൊണ്ട് പറത്തുന്നു, ആകാശത്തിന്റെ അനന്തതയിലേക്ക്. പക്ഷെ ചരടിന്റെ അറ്റം പറത്തുന്നവന്റെ കയ്യില്‍ ഭദ്രം. എപ്പോള്‍ ചരടറ്റുവോ പട്ടം വീഴും. കാറ്റ് നിലച്ചാലും അങ്ങനെ തന്നെ. ദേഷ്യം കൊണ്ടും നിര്‍ബന്ധബുദ്ധികൊണ്ടും മക്കളാം പട്ടത്തിന് പറക്കാനുള്ള കാറ്റ് നിഷേധിച്ചുകൂട. നിയന്ത്രണത്തിന്റെ ചരട് വരിഞ്ഞ് മുറുക്കിയല്ല ഇസ്‌ലാമികതയുടെ പരിധിയിലേക്ക് തുറന്ന് വിട്ടാണ് പറത്തേണ്ടത്. ആണ്‍കുട്ടിയോട് പെണ്ണിനെ ആദരിക്കാനാണ് പഠിപ്പിക്കേണ്ടത്. പെണ്‍കുട്ടിയെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും വളര്‍ത്തണം.
7. വീട് എന്ന കൃഷിയിടം: കുടുംബം പൂന്തോട്ടമാക്കാനും കൃഷിയിടമാക്കാനും വനം ആക്കി മാറ്റാനും സാധിക്കും. പൂന്തോട്ടം വെള്ളവും വളവുമില്ലെങ്കില്‍ വാടിപ്പോകും. കൃഷിയിടം കര്‍ഷകന് വേണ്ടത് മാത്രം തരും. കാട് ഒരു വെയിലില്‍ തളരുകയും അടുത്ത മഴയില്‍ പൂത്തുലയുകയും ചെയ്യും. നല്ല മുസ്‌ലിം രക്ഷിതാവ് നല്ല കര്‍ഷകനാണ്. നീണ്ട കാലമായി പാരന്റിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍ എന്ന നിലയില്‍ പറയട്ടെ: പാരന്റിങ്ങ് ഒരു കലയാണ്. അത് ഹൃദയത്തില്‍ നിന്ന് ഉണ്ടാകണം. പരിശീലനക്ലാസില്‍ നിന്ന് പഠിക്കാം. പ്രവര്‍ത്തിക്കാന്‍ സ്വയം ഒരുങ്ങണം. മക്കള്‍ ജനിക്കാത്തതിനാല്‍ ഒരു വിഭാഗം വേദനിക്കുന്നു. ജനിച്ച മക്കളുടെ പേരില്‍ ഒറു വിഭാഗവും വേദനിക്കുന്നു. ഇസ്‌ലാമികമായ മൂല്യങ്ങളുടെ മൂശയില്‍ മക്കളെ വാര്‍ത്തെടുത്തവരാകട്ടെ ഇരു ലോകത്തും ആനന്ദിക്കുന്നു. അവര്‍ ഭാഗ്യവാന്മാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."