കനത്ത കാറ്റില്‍ ചവറയില്‍ മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു
ചവറ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റ് പലയിടത്തും നാശം വിതച്ചു. മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു. മര ശിഖരങ്ങള്‍ വീണ് പലയിടത്തും വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. ചവറ പട്ടത്താനം നടുതലയില്‍ അംബുജാക്ഷിയുടെ വീടിന് മുകളില്‍ ഇലഞ്ഞിമരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ശനിയാഴ്ച രാത്രി 7.30 നായിരുന്നു സംഭവം. ഷീറ്റ് മേഞ്ഞ വീടിന്റെ മുകളിലേക്കാണ് മരം പതിച്ചത്. സംഭവ സമയത്ത് അംബുജാക്ഷി വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരം പതിച്ച ആഘാതത്തില്‍ വീടിന്റെ ഭിത്തി പൊട്ടിക്കീറി.
പന്മന കൊല്ലക വരിക്കോലില്‍ തറയില്‍ സരസ്വതിയുടെ വീട്ടിന്റെ മേല്‍ക്കൂര മഴയിലും കാറ്റിലും തകര്‍ന്നു വീണു. മകനായ സുരേഷും ഭാര്യ രാജിയും രണ്ട് കുട്ടികളുമാണ് ഇവര്‍ക്കൊപ്പം താമസം. ഇവര്‍ പുറത്തു പോയ നേരത്താണ് ഞായറാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര ഇളകി വീഴുന്നത്. കുട്ടികള്‍ കിടന്നുറങ്ങുന്ന കട്ടിലിലേക്കാണ് മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീണത്. മകന്റെ കുടുംബം വീട്ടിലില്ലാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കായല്‍ക്കരയില്‍ താമസിക്കുന്ന കുടുംബത്തിന് ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിച്ച വീടാണിത്. വേലിയേറ്റ സമയത്ത് വീടിന്റെ തിണ്ണയില്‍ വരെ വെള്ളം കയറുന്ന ഇവര്‍ക്ക് വീടുകൂടി തകര്‍ന്നതോടെ ദുരിതത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."