ബാലസംഘം ക്യാംപിന്റെ ആവേശത്തിലമര്‍ന്ന് ആന്ധ്രാ സംഘവും
കരുനാഗപ്പള്ളി: കല്ലേലിഭാഗത്ത് നടന്നുവരുന്ന ബാല സംഘം സംസ്ഥാന പ്രവര്‍ത്തക ക്യാംപിന്റെ ആരവങ്ങളില്‍ ആവേശഭരിതരായി ആന്ധ്രയില്‍ നിന്നുള്ള സംഘവും. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ള സംഘമാണ് ക്യാംപ് സന്ദര്‍ശിച്ചത്. ക്യാംപില്‍ കുട്ടികളുടെ നാടകങ്ങളും ശില്‍പ്പങ്ങളും രൂപം കൊള്ളുന്നതും പ്രമേയങ്ങളുടെ ചര്‍ച്ചകളുമെല്ലാം സംഘം നേരില്‍ കണ്ടു വിലയിരുത്തി. കുട്ടികളുടെയിടയില്‍ സംഘടനാ പ്രവര്‍ത്തനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘത്തിന്റെ വരവ്. ഇതിനായി ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കൂട്ടായ്മയും അതിന്റെ ഏറ്റവും വലിയ ബഹുജന വിദ്യാഭ്യാസ പരിപാടിയായ കലാജാഥയും നേരില്‍ കണ്ടു മനസ്സിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.
വിദ്യാഭ്യാസ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകയും ഉള്‍പ്പെടെയുള്ള എട്ടംഗസംഘമാണ് എത്തിയത്. ശാസ്ത്ര ബോധവും സാമൂഹ്യ രാഷ്ട്രീയ ചിന്തകളും പങ്കുവയ്ക്കുന്നതിനൊപ്പം പോരാട്ടങ്ങള്‍ക്കും പുരോഗമന ചിന്തയ്ക്കും ആഹ്വാനം ചെയ്യുന്ന വേനല്‍ത്തുമ്പി കലാജാഥ വേറിട്ട അനുഭവമാണെന്നും ഇത്രയും രാഷ്ട്രീയ സാമൂഹ്യബോധമുള്ള കുട്ടികളെ മറ്റെങ്ങും കാണാനാകില്ലെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ എല്‍. ഡി.എഫ് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും വലിയ ആവേശമാണ് നല്‍കുന്നത്. മുഖ്യമന്ത്രി ആന്ധ്രയില്‍ വന്നപ്പോള്‍ വലിയ ആവേശകരമായ സ്വീകരണമായിരുന്നു. ഇവിടുത്തെ ബാലസംഘം മാതൃക ആന്ധ്രയിലും പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
അധ്യാപക സംഘടനയുടെ ചിറ്റൂര്‍ ജില്ലാ സെക്രട്ടറി കെ മുക്താല് റെഡ്ഢി, ജില്ലാ പ്രസിഡന്റ് നിര്‍മ്മല, ജന വിജ്ഞാന് വേദിക ജില്ലാ സെക്രട്ടറി ബിര്‍ള നായിഡു, ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ സെക്രട്ടറി സായി ലക്ഷ്മി, പ്രചാ നാട്യ മണ്ഡല് ജില്ലാ സെക്രട്ടറി ശ്രീനിവാസ്, എസ്.എഫ്.ഐ നേതാവ് സഹജ, പത്രപ്രവര്‍ത്തക ജ്യോതി തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."