ആരോഗ്യ പ്രശ്നം: വനിതയടക്കം കരിപ്പൂരിലെത്തിയ നാലു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി
കൊണ്ടോട്ടി: ദുബൈയില്‍ നിന്ന് വ്യാഴാഴ്ച രാത്രി കരിപ്പൂരിലെത്തിയ വനിതയുള്‍പ്പടെ നാലു യാത്രക്കാരെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് രണ്ടു മലപ്പുറം സ്വദേശികള്‍ക്കും വയനാട്, കാസര്‍കോട് സ്വദേശികളായ ഓരോരുത്തര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.
വൃക്ക രോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കുമാണ് മാറ്റിയത്. നടക്കാന്‍ പ്രയാസമുള്ള കാസര്‍കോട് സ്വദേശിയായ വനിതയെ താല്‍ക്കാലികമായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പ്രവേശിപ്പിച്ചു. ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല. അതിനാല്‍ നാട്ടിലേക്ക് മടക്കി അയക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
പ്രവാസികളുടെ മടക്ക സര്‍വിസുകള്‍ തുടങ്ങിയതോടെ കേന്ദ്രസുരക്ഷാ സേനയും പൊലിസും കരിപ്പൂര്‍ വിമാനത്താവളത്തില്‍ തീര്‍ക്കുന്നത് പഴുതടച്ച സുരക്ഷയും കര്‍ശന പരിശോധനയും. വിമാനങ്ങള്‍ എത്തുന്ന സമയത്ത് പ്രവേശന കവാടത്തിലേക്ക് പൊതുജനത്തിന് പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തി. അവശ്യ വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് ശേഷമാണ് അകത്തേക്ക് കയറ്റുന്നത്.
വിമാനത്താവള ഉദ്യോഗസ്ഥര്‍, വിവിധ ഏജന്‍സി പ്രതിനിധികള്‍, കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് വിമാനത്താവളത്തിനകത്തേക്കു പ്രവേശനം. വിമാനത്താവള പരിസരത്ത് കേന്ദ്രസുരക്ഷാ സേനയും പുറത്ത് പൊലിസിനുമാണ് സുരക്ഷാ ചുമതല. പ്രവാസികള്‍ക്കായി 28 ആംബുലന്‍സുകളും ഇവിടെ എത്തിച്ചിട്ടുണ്ട്. യാത്രക്കാരുടെ വിവര ശേഖരണത്തിനായി 10 കൗണ്ടറുകളും എമിഗ്രേഷന്‍ പരിശോധനക്ക് 15 ഉം കസ്റ്റംസ് പരിശോധനകള്‍ക്ക് നാല് കൗണ്ടറുകളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."