ദുരിതങ്ങള്‍ക്ക് മുന്നില്‍ പകച്ച് ഗിരീഷും കുടുംബവും:നാലുവര്‍ഷത്തിനിടെ വീട് തകര്‍ന്നത് മൂന്നുതവണ
വൈത്തിരി: സുഗന്ധഗിരി രണ്ടാംയൂനിറ്റിലെ ഗിരീഷിന്റെയും കുടുംബത്തിന്റെയും അന്തിയുറങ്ങാനൊരിടമെന്ന സ്വപ്നത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി കാലവര്‍ഷ ദുരിതം.
2014 ല്‍ നിര്‍മാണം ആരംഭിച്ച വീട് പിന്നീടുണ്ടായ മഴയില്‍മൂന്നു തവണയാണ് തകര്‍ന്ന് വീണത്. ഓരോ തവണ ദുരന്തമുണ്ടാകുമ്പോഴും വീണ്ടും പണി ആരംഭിക്കും. സ്വന്തമായി മറ്റൊരിടത്ത് ഒര തുണ്ട് ഭൂമിയില്ലാത്ത തങ്ങള്‍ക്ക് ഇതല്ലാതെ മറ്റു വഴികളില്ലെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച പെയ്ത കനത്ത മഴയില്‍ വീണ്ടും വീടിന് മുകളിലേക്ക് കല്ലും മണലും പതിക്കുകയായിരുന്നു. ഗിരീഷിന്റെ പിതാവ് ചിങ്ങന് സര്‍ക്കാരില്‍ നിന്നും ലഭിച്ചതാണ് ഈ ഭൂമി. ഗിരീഷും ഭാര്യയും കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനത്തില്‍ നിന്നും മിച്ചം വെച്ചാണ് രണ്ടരലക്ഷം രൂപ ചെലവില്‍ വീടിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷകളെ കണ്ണീരില്‍ കുതിര്‍ത്ത് ഇത്തവണയും വീടിന് മേല്‍ കല്ലും മണ്ണും പതിക്കുകയായിരുന്നു. മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. സുഗന്ധഗിരിയിലെ അങ്കണവാടിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞത്. വീടിന് സമീപം താല്‍കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡും മഴയില്‍ ഏതു നിമിഷവും തകരുമെന്ന അവസ്ഥയിലാണ്. നേരത്തെ, വീട് തകര്‍ന്നപ്പോള്‍ അന്നത്തെ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. സ്ഥലം വീട് വെക്കാന്‍ യോഗ്യമല്ലെന്നും അനുകൂല നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, തുടര്‍നടപടികളൊന്നുമില്ലാതായതോടെയാണ് വീണ്ടും നിര്‍മാണം ആരംഭിച്ചത്. ഇത്തവണയും വീട് തകര്‍ന്നതോടെ കയറിക്കിടക്കാനൊരിടമെന്നത് ഭാര്യയും എല്‍.കെ.ജിയിലും നാലാംക്ലാസിലും പഠിക്കുന്ന മക്കളുമടങ്ങുന്ന ഗിരീഷിന്റെ കുടുംബത്തിന് മുന്നില്‍ ചോദ്യ ചിഹ്നമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."