വസന്തകുമാറിന്റെ കുടുംബത്തെ ചേരമാന്‍ പെരുമാള്‍ മസ്ജിദ് സംഘം സന്ദര്‍ശിച്ചു
തളിപ്പുഴ: രാജ്യത്തിന് വേണ്ടി രക്ത സാക്ഷിയായ ധീരജവാന് വസന്തകുമാറിന്റെ കുടുംബത്തെ കാണാനും കരുതലാവാനും ചേരമാന്‍ പെരുമാള്‍ മസ്ജിദ് സംഘമെത്തി.
ജമ്മു കാശ്മിരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ പൂക്കോട്ടെ വീട്ടിലെത്തിയാണ് മഹല്ല് ഇമാം സൈഫുദീന്‍ അല്‍ ഖാസ്മിയുടെ നേതൃത്വത്തില്‍ മുപ്പതംഗസംഘമാണ് കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുകയും കുട്ടികളുടെതടക്കം ഭാവികാര്യങ്ങള്ക്കുള്ള ധനസഹായം കൈമാറുകയും ചെയ്തത്. വസന്തകുമാറിന്റെ കുട്ടികള്‍ക്ക് മഹല്ല് കമ്മിറ്റി നല്കുന്ന ധനസഹായത്തിന്റെ ചെക്ക് വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് മഹല്ല് സെക്രട്ടറി എസ്.എ അബ്ദുല്‍ ഖയ്യൂം കൈമാറി. പള്ളി കമ്മറ്റി അംഗങ്ങളും കൊടുങ്ങല്ലൂര്‍ നഗരസഭ വികസന കാര്യ സമിതി ചെയര്മാന് കെ.എസ് കൈസാബ്, കൗണ്‍സിലര്‍ എം.കെ സഗീര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ചേരമാന്‍ ജുമാ മസ്ജിദ് സംഘത്തെ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി, പഞ്ചായത്ത് അംഗം ബഷിര്‍ പൂക്കോടന്‍, തളിപ്പുഴ മഹല്ല് പ്രസിഡന്റ് അബൂബക്കര്‍ ഹാജി, സെക്രട്ടറി എം.എസ് യൂസുഫ് ചേര്‍ന്ന് സ്വീകരിച്ചു. വൈത്തിരി പഞ്ചായത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന വസന്തകുമാര്‍ സ്മാരകത്തിനും ലൈബ്രറിക്കും ചേരമാന്‍ ജുമാ മസ്ജിദിന്റെ സഹായം ഉണ്ടാകുമെന്നും അത് ഇന്ത്യയിലെ ആദ്യ ജുമാ മസ്ജിദിന്റെ സാമൂഹ്യ പ്രതിബദ്ധതാണെന്നും രാജ്യത്തിന് വേണ്ടി ജീവന് വെടിഞ്ഞ ധീര സൈനികന്റെ കുടുംബത്തെ സഹായിക്കുക എന്നത് മഹല്ലിന്റെ ബാധ്യതയാണെന്നും മഹല്ല് സെക്രട്ടറിയും ഇമാമും പറഞ്ഞു. ജവാന്റെ ഭാര്യ ഷീന, അമ്മ ശാന്ത, മക്കളായ അനാമിക, അമര്‍ദീപ്, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ഏറെ നേരം സംസാരിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."