മഞ്ചേരി അക്വാസ്റ്റിക്ക് സെന്റര്‍ പ്രവര്‍ത്തനം അവതാളത്തില്‍
മഞ്ചേരി: നഴ്‌സറിതലം മുതല്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികളുടെ കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നതിന് ഒരു വര്‍ഷം മുമ്പു നിലവില്‍വന്ന മഞ്ചേരി അക്വാസ്റ്റിക്ക് സെന്ററില്‍ - ബ്രെയിന്‍ സ്റ്റെം ഇവോക്ക്ഡ് റെസ്‌പോണ്‍സ് അസസ്‌മെന്റ് (ബെറാ) എന്ന കേള്‍വി പരിശോധന സംവിധാനം പ്രവര്‍ത്തന രഹിതമായിട്ടു മാസങ്ങള്‍ പിന്നിടുന്നു. കേള്‍വി സംബന്ധമായി ഏറ്റവും ചെറിയ തകരാര്‍പോലും കണ്ടത്തുന്ന ബെറാ ടെസ്റ്റ് നടത്തുന്ന ഉപകരണം കേടായതോടെയാണു പരിശോധന സംവിധാനം തകരാറിലായത്.
സംവിധാനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതു കേള്‍വി സംബന്ധമായ പരിശോധനകള്‍ തേടിയെത്തുന്നവരെ പ്രതിസന്ധിയിലാക്കുന്നു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു ചെലവേറിയ ഈ പരിശോധന എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി മഞ്ചേരി അക്വാസ്റ്റിക്ക് സെന്ററില്‍ കഴിഞ്ഞ വര്‍ഷമാണു സംവിധാനം വിപുലപ്പെടുത്തിയത്. സര്‍ക്കാര്‍ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രമാണു ബെറാ ടെസ്റ്റിനുള്ള സൗകര്യമുള്ളൂ.
സ്വകാര്യ ആശുപത്രികളില്‍ ഇത്തരം സംവിധാനം ഉണ്ടെങ്കിലും സാധാരണക്കാര്‍ക്കു താങ്ങാനാവാത്ത തുകയാണു ഈടാക്കുന്നത്. മഞ്ചേരി ആസ്ഥാനമായ അക്വാസ്റ്റിക്ക് സെന്ററില്‍ ബെറാ ടെസ്റ്റ് നടന്നിരുന്നപ്പോള്‍ കേള്‍വി സംബന്ധമായ പരിശോധനകള്‍ക്കു ഏറെ സഹായകരമായിരുന്നു. എന്നാല്‍ മാസങ്ങളായി സംവിധാനം പ്രവര്‍ത്തന രഹിതമായതോടെനിര്‍ധനരായ കുടുംബങ്ങള്‍ക്കു വീണ്ടും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരികയാണ്.
ഓരോ ഉപജില്ലയിലും 30 മുതല്‍ 40 വരെയുള്ള വിദ്യാര്‍ഥികള്‍ക്കു കേള്‍വി സംബന്ധമായ തകരാറുകളുണ്ടന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാരിനു കീഴിലെ ഏക അക്വാസ്റ്റിക്ക് സെന്ററാണു മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും പരിമിതികള്‍ പരിശോധിച്ചു വേണ്ട നടപടികള്‍ കൈകൊള്ളുന്നതിനു സര്‍ക്കാര്‍ താല്‍പര്യംകാണിക്കുന്നില്ലെന്ന വിമര്‍ശനവും ശക്തമായിരിക്കുകയാണ്.
ആവശ്യത്തിന് ഓഡിയോളജിസ്റ്റില്ലാത്തതിനാല്‍ കൂടുതല്‍ കുട്ടികള്‍ക്കു സെന്ററില്‍ പ്രവേശനം നല്‍കാനാവുന്നില്ലന്നതാണു മറ്റൊരു പ്രശ്‌നം. മഞ്ചേരി ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്ററില്‍ ആകെയുള്ളത് ഒരു ഓഡിയോളജിസ്റ്റ് മാത്രമാണ്. ദിനേന ഒരു ഡസണിലധികം കേള്‍വിസംബന്ധമായ വൈകല്യം ബാധിച്ച കുട്ടികളാണ് ഇവിടെ എത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ സെന്ററിന്റെ സഹായം ആവശ്യപ്പെടുന്നുണ്ട്.
സ്‌കൂളുകളിലും വീടുകളിലും മാലിന്യ സംസ്‌കരണത്തിനു ഊന്നല്‍
മലപ്പുറം: മാലിന്യ സംസ്‌കരണത്തിനായി മലപ്പുറം നഗരസഭയിലെ സ്‌കൂളുകളില്‍ ബോയബിന്‍ വിതരണം ചെയ്യാനും പ്ലാസ്റ്റിക്, ഇ-വേയ്സ്റ്റ് നിര്‍മാര്‍ജനത്തിനായി വീടുകളില്‍ ബാഗ് വിതരണം ചെയ്യാനും നഗരസഭാ പദ്ധതി. കൃഷിക്ക് 50 ലക്ഷം രൂപയും മാലിന്യ നിര്‍മാര്‍ജനത്തിന് 37.82 ലക്ഷം രൂപയും അനുവദിച്ചുള്ള 2016-17 വര്‍ഷത്തെ വാര്‍ഷിക ഭേദഗതിക്കു കൗണ്‍സില്‍ അംഗീകാരമായി. കൃഷിക്കും മാലിന്യനിര്‍മാര്‍ജനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണു പദ്ധതി ഭേദഗതി വരുത്തിയത്. കൃഷിക്കു നേരത്തെ 19.4 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. പൈപ്പ് കമ്പോസ്റ്റിന് 27 ലക്ഷം അനുവദിച്ചു. നഗരസഭയില്‍ തെങ്ങുകയറ്റ യന്ത്രത്തിനു 25000 രൂപ അനുവദിച്ചു. 30.6 ലക്ഷം രൂപയാണ് കൃഷിക്കായി പുതുതായി വകയിരുത്തിയത്. മാലിന്യ നിര്‍മാര്‍ജനത്തിനു നരേത്തെ അനുവദിച്ച 23.25 ലക്ഷം രൂപക്കു പുറമെ 14.10 ലക്ഷം കൂടി വകയിരുത്തി. ബയോബിന്‍ വിതരണത്തിന് 7.5 ലക്ഷം അനുവദിച്ചു. വീടുകളില്‍ നിന്നും ഇ-വേയ്‌സ്റ്റ് ശേഖരിക്കുന്നതിന് എണ്ണായിരം ബാഗുകളാണ് വിതരണം ചെയ്യുക. ഇതിനായി 6.4 ലക്ഷം രൂപ അനുവദിച്ചു. മാലിന്യശേഖരണത്തിനായി നഗരസഭ ഉന്തുവണ്ടികള്‍ ഏര്‍പ്പെടുത്തും. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."