യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം
കരുനാഗപ്പള്ളി: മാര്‍ക്കറ്റിനു സമീപം ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയങ്ങള്‍ നീളുന്നു. കൊലപാതകമാണെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയത്.
കരുനാഗപ്പള്ളി മാര്‍ക്കറ്റില്‍ ഭാരത് മെറ്റല്‍സിലെ സെയില്‍സ് മാനായിരുന്ന കല്ലേലിഭാഗം ഹസ്‌ന മന്‍സിലില്‍ ഹുസൈനായാണ് (28) ചൊവ്വാഴ്ച രാവിലെ എട്ടരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹുസൈന്‍ ജോലി ചെയ്ത വ്യാപര സ്ഥാപനത്തിന് എതിര്‍വശത്തുള്ള മാര്‍ക്കറ്റിനകത്തെ ലോഡ്ജിന് പിന്നിലാണ് മൃതദേഹം കാണപ്പെട്ടത്. യുവാവ് മൂന്നുനിലയുള്ള ലോഡ്ജിന് മുകളില്‍ കയറിയിട്ടില്ല. കാരണം പുറത്ത് കൂടി പടിക്കെട്ടുകള്‍ ഇല്ലാത്ത ലോഡ്ജിന്റെ അകത്ത് കൂടിയാണ് ടെറസിലേക്ക് എത്തേണ്ടത്. ഈ വാതില്‍ സ്ഥിരമായി അടച്ചു പൂട്ടിയിരിക്കുകയാണ്. മാത്രമല്ല സംഭവ ദിവസം ഈ കതകിന്റെ ചാവി ആരുടെയും കൈയിലും ഏല്‍പ്പിച്ചില്ലെന്ന് ലോഡ്ജ് മാനേജര്‍ പറഞ്ഞത്. മറ്റേതെങ്കിലും സാഹചര്യത്തില്‍ ആയാല്‍ തന്നെയും മൃതദേഹം മതില്‍ക്കെട്ടിന് പുറത്തേക്കാണ് വീഴേണ്ടത്.
കെട്ടിടത്തിന്റെ ഭിത്തിയും ലോഡ്ജിന്റെ ചുറ്റുമതിലും തമ്മില്‍ നേരിയ വിടവ് മാത്രമാണുള്ളത്. ഒടിവുകളോ, ചതവുകളോ മൃതദേഹത്തിലില്ല. താടിയെല്ലിലും, കഴുത്തിലും ചെറിയ മുറിവുകളാണ് കാണപ്പെട്ടത്. ഇരുകാലിലും ചെരുപ്പ് കൃത്യമായി അണിഞ്ഞിരുന്നു. ബൈക്കിന്റെ താക്കോല്‍ പാന്റിന്റെ പോക്കറ്റില്‍ തിരുകിയിരുന്ന നിലയില്‍ കണ്ടതിലും അസ്വാഭാവികതയുണ്ട്. മരിച്ച ശേഷം ആരോ വസ്ത്രത്തില്‍ ഇത് വച്ചതായാണ് പൊലിസ് വിലയിരുത്തുന്നത്.
പ്രതികളിലേക്ക് എത്താന്‍ കഴിയുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചില്ലെങ്കിലും കൊലപാതകമാകാനുള്ള സാധ്യത ഏറെയാണെന്ന് കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ ഡോ. അരുള്‍. ബി.ആര്‍ കൃഷ്ണ പറഞ്ഞു. മുന്ന് മാസം മുമ്പ് സമീപത്ത് മറ്റൊരു കെട്ടിടത്തിന് മുകളില്‍ നിന്ന് യുവാവ് വീണു മരിച്ചു എന്നു പ്രചരിച്ച വാര്‍ത്ത പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. ഇതേ രീതിയില്‍ ആരോ കൊലപ്പെടുത്തിയ ശേഷം സമാന രീതിയില്‍ മൃതദേഹം ഉപേക്ഷിച്ചതാകാമെന്നും പൊലിസ് സംശയിക്കുന്നു.
12 വര്‍ഷമായി ഹുസൈന്‍ പാത്രക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി 9.30 ഓടെ പതിവ് പോലെ കടയടച്ച് താന്‍ വീട്ടിലേക്ക് പോയതായി കടയുടമ പറഞ്ഞു. ഹുസൈന്‍ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രാത്രിയില്‍ ഭാര്യ പല പ്രാവശ്യം മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നു. ആദ്യ ഒന്ന് രണ്ട് തവണ ഫോണ്‍ റിംഗ് ചെയ്തങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. മൈനാഗപ്പള്ളി സ്വദേശികളായ ഹുസൈനും കുടുംബവും അഞ്ച് വര്‍ഷം മുമ്പാണ് കല്ലേലിഭാഗത്ത് താമസമാക്കിയത്. താഹയുടെയും, റഹിയാനത്തിന്റെ മകനാണ്.
ഭാര്യ സജിന. ഹസ്‌ന, ഇസാന മക്കളാണ്. ഹുസൈന് ശത്രുക്കള്‍ ആരും ഉള്ളതായി അറിവില്ലെന്നാണ് കുടുബാംഗങ്ങള്‍ പറയുന്നത്. കടയടച്ച ശേഷം രണ്ട് സുഹൃത്തുക്കളുമായി ലോഡ്ജിന് സമീപത്തെ ഭക്ഷണശാലയില്‍ ആഹാരം കഴിക്കാനെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. സുഹൃത്തുക്കള്‍ കുറെ കഴിഞ്ഞ് മടങ്ങിയതും കാമറയിലുണ്ട്. ഹുസൈന്‍ ആ സമയം ബൈക്കിന് അടുത്തേക്ക് പോയതായും കണ്ടെങ്കിലും പിന്നീട് കാമറ ദൃശൃങ്ങള്‍ അവ്യക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."