വയനാട് ലോക്‌സഭാ മണ്ഡലം; ആദ്യ ചിത്രം തെളിഞ്ഞു
കല്‍പ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിത്തുടങ്ങിയപ്പോള്‍ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐയും സി.പി.ഐയും.
വയനാട്ടില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എസ്.ഡി.പി.ഐയാണ്. അവരുടെ സംസ്ഥാന കമ്മിറ്റിയംഗവും കരുവാരക്കുണ്ടുകാരനുമായ ബാബുമണിയാണ് സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ നിന്ന് തന്നെയുള്ള ആള്‍ എന്ന നിലയിലാണ് ബാബുമണിയെ എസ്.ഡി.പി.ഐ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കിയത്. ഇക്കഴിഞ്ഞ രണ്ടിന് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും അവര്‍ കല്‍പ്പറ്റയില്‍ നടത്തിയിരുന്നു. രണ്ടാമതായി വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എല്‍.ഡി.എഫാണ്. സി.പി.ഐയുടെ സീറ്റായ വയനാട്ടില്‍ ഇന്നലെ നടന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പി സുനീറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മുന്‍പ്തന്നെ പറഞ്ഞുകേട്ട പേരുകളില്‍ പ്രധാനിയായിരുന്നു സുനീര്‍. സ്ഥാനാര്‍ഥിയാകുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരുന്നു. പൊന്നാനിയില്‍ തന്റെ 25ാം വയസില്‍ ബനാത്ത്‌വാലക്കെതിരേ മത്സരിച്ചാണ് സുനീര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്ത് വച്ചത്. പിന്നീട് ഇ അഹമ്മദിനെതിരെയും ഒരു കൈനോക്കി. എന്നാല്‍ രണ്ട് തെരഞ്ഞെടുപ്പിലും പരാചയമായിരുന്നു കൂടെയുണ്ടായിരുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് തെരഞ്ഞെടുപ്പിലെ വിജയമായി സുനീറിനുള്ളത്. നിലവില്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ വയനാട് ജില്ലയുടെ ചുമതലയുള്ള അംഗമാണ് സുനീര്‍. എല്‍.ഡി.എഫ് മലപ്പുറം ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ച് വരികയാണ്. മണ്ഡലം യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിലും വിജയപ്രതീക്ഷയില്‍ തന്നെയാണ് സുനീര്‍ ചുരം കയറുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപിക്കുക എട്ടിന് നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും. എന്നാല്‍ ഇന്നലെ രാത്രി തന്നെ സുനീര്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വരുംദിവസങ്ങളില്‍ മണ്ഡലത്തില്‍ സജീവമാകാനുള്ള ഒരുക്കങ്ങളാണ് ജില്ലയിലെ പാര്‍ട്ടി നേതൃത്വം നടത്തുന്നത്. എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി വയനാട്ടുകാരന്‍ തന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം കൂടി വന്നാല്‍ വയനാട് വേനലിനൊപ്പം തെരഞ്ഞെടുപ്പിന്റെയും ചൂടിലേക്കും കടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."