HOME
DETAILS

പൗരരെ വെയിലത്ത് നിര്‍ത്തി മുന്നേറുന്ന കേന്ദ്രഭരണം

  
backup
May 09 2020 | 02:05 AM

central-government-2020


കൊവിഡ് വൈറസിന്റെ നീക്കങ്ങള്‍ക്ക് സമാനമായി ലോകത്താകമാനമുള്ള സാധാരണക്കാരന്റെ ജീവിതവും പ്രവചനാതീതമായാണ് മുന്നോട്ടു പോകുന്നത്. വികസിതവും അല്ലാത്തവയുമായ മിക്ക രാജ്യങ്ങളും പൗരര്‍ക്ക് സാമ്പത്തിക പിന്‍ബലവും സാന്ത്വനവുമേകി നീങ്ങുമ്പോള്‍ വ്യക്തികളും ആനുകൂല്യങ്ങളും സമാന്തരമായി നീങ്ങുന്ന ഭരണശൈലിക്ക് ഇന്ത്യയില്‍ വലിയ മാറ്റമില്ല. 60000 കോടിയുടെ കര്‍ഷക കടം എഴുതിത്തള്ളിയും പണം സാധാരണക്കാരന്റെ കൈയില്‍ നേരിട്ടെത്തുന്ന തൊഴിലുറപ്പ് പദ്ധതിയുമൊക്കെ അവതരിപ്പിച്ച് ദാരിദ്ര്യ ലഘൂകരണത്തിന് മാതൃക കാട്ടിയ ദിശയില്‍ ഇപ്പോള്‍ കാറ്റു വീശുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെട്രോളിന് പത്തും, ഡീസലിന് പതിമൂന്നും രൂപ വീതം കേന്ദ്രം നികുതികള്‍ വര്‍ധിപ്പിച്ചത്. സാധാരണക്കാരനു ലഭിക്കേണ്ടിയിരുന്ന ക്രൂഡോയില്‍ വിലയിടിവിന്റെ ആനുകൂല്യത്തിനു മേല്‍ പകല്‍ക്കൊള്ള നടത്തിയ ശേഷം റീട്ടെയില്‍ വിലയെ ബാധിക്കില്ല എന്ന് സര്‍ക്കാര്‍ കൊഞ്ഞനം കുത്തുകയാണ്.


നികുതി നിരക്ക് 69 ശതമാനത്തിലേക്കുയര്‍ത്തി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ലോകത്ത് ഏറ്റവുമധികം നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി. അറുപത് ശതമാനത്തിലധികം നികുതി ഈടാക്കുന്ന ഫ്രാന്‍സും ജര്‍മ്മനിയും ഇറ്റലിയും ബ്രിട്ടനുമെല്ലാം നമുക്ക് പിറകിലായി. ക്രൂഡോയില്‍ വില ബാരലിന് 65.5 ഡോളറുണ്ടായിരുന്ന 2019 ഡിസംബറില്‍ ഇന്ത്യയിലെ നികുതി നിരക്ക് 50% ആയിരുന്നു. ഇതാണ് ആഴ്ചകള്‍ കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയത്. നികുതി വര്‍ധിപ്പിക്കാനുള്ള ദുഷ്ടലാക്കോടെ ഫിനാന്‍സ് ബില്‍ 2020 ന് ഭേദഗതി കൊണ്ടു വന്നാണ് സെസ്സ്, ഡ്യൂട്ടി നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കു പോലും പാര്‍ലമെന്റില്‍ അവസരം നിഷേധിച്ചു. ഇതു വഴി മാര്‍ച്ച് 14 ന് ആദ്യ വര്‍ധന വരുത്തിയിരുന്നു. അതിനു ശേഷമാണ് മെയ് നാലിന് റോഡ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സ് ഇനത്തില്‍ പെട്രോളിനും ഡീസലിനും 8 രൂപ വീതവും എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ പെട്രോളിന് രണ്ടും, ഡീസലിന് അഞ്ചും രൂപ എന്ന നിലയില്‍ വര്‍ധന വരുത്തിയത്. ക്രൂഡോയില്‍ ബാരലിന് 23.38 ഡോളറാണ് അന്നു രേഖപ്പെടുത്തിയ വില. ബാരലിന് 19.9 ഡോളറിലേക്ക് വരെ വില കഴിഞ്ഞ ദിവസങ്ങളില്‍ കൂപ്പ് കുത്തിയിരുന്നു. 2014 ല്‍ മോദി അധികാരത്തിലേറിയതിനു ശേഷം പെട്രോളിന്റെ നികുതി നിരക്ക് 248 ശതമാനവും, ഡീസലിന്റേത് 607 ശതമാനവുമാണ് വര്‍ധിപ്പിക്കപ്പെട്ടത്.


പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു രൂപയുടെ നികുതി വര്‍ധനവുണ്ടാകുമ്പോള്‍ 13000 മുതല്‍ 14000 കോടി രൂപയുടെ ലാഭമാണ് കേന്ദ്ര സര്‍ക്കാരിനുണ്ടാകുന്നത്. നിലവിലെ മൊത്തം വര്‍ധനവു പ്രകാരം 2.85 ലക്ഷം കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാരിനുണ്ടാവുക. ലോക്ക് ഡൗണ്‍ കഴിഞ്ഞു വില്‍പ്പന സാധാരണ ഗതിയിലാവുമ്പോള്‍ ഇന്ത്യയിലെ ശരാശരി പൗരനു ലഭിക്കേണ്ട വിപണിയിലെ ആനുകൂല്യം പൂര്‍ണമായും സര്‍ക്കാര്‍ കീശയിലാക്കും. എന്നാല്‍ ശ്രദ്ധേയമായ കാര്യം വിമാന ഇന്ധന വിലയില്‍ 10.3% നികുതി വെട്ടിക്കുറച്ച് വിമാന കമ്പനികളുടെ കൈയടി സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട് എന്നതാണ്.


'വന്ദേ ഭാരത് ' പദ്ധതി വഴി 1.92 ലക്ഷം പ്രവാസികള്‍ നാട്ടിലെത്തുമെന്നാണ് കരുതുന്നത്. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച കൊമേഴ്‌സ്യല്‍ യാത്രക്കൂലിയിനത്തില്‍ കൂട്ടിയാല്‍ പോലും 300 കോടിയില്‍ താഴെയാണ് ഇതിനു ചെലവ് വരുന്നത്. ഇന്ത്യയൊട്ടാകെയുള്ള മുഴുവന്‍ അതിഥി തൊഴിലാളികളെയും വീട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവ് 60 കോടിയാണെന്നിരിക്കെ അത് വഹിക്കാന്‍ പോലും തയാറാവാത്ത സര്‍ക്കാര്‍ വിദേശ ഇന്ത്യക്കാരോട് പരിഗണന കാട്ടാത്തതില്‍ അത്ഭുതത്തിനവകാശമില്ല. സുമനസ്സുകളുടെ കാരുണ്യത്തില്‍ ഭക്ഷണം കഴിച്ച് ജീവന്‍ നിലനിര്‍ത്തി പോരുന്ന രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികളില്‍ നിന്ന് കൃത്യമായി യാത്രക്കൂലി പിരിക്കുന്ന റെയില്‍വേ, മോദി പുതുതായി രൂപം നല്‍കിയ പി.എം.കെയേഴ്‌സ് ഫണ്ടിലേക്ക് 151 കോടി രൂപയാണ് സംഭാവനയായി സമര്‍പ്പിച്ചത്. ദുരിതപൂര്‍ണമായ ചുറ്റുപാടുകളില്‍ പോലും സാധാരണ പൗരന് ചില്ലിക്കാശിന്റെ ആനുകൂല്യം ലഭിക്കരുത് എന്ന നിര്‍ബന്ധബുദ്ധി പാലിക്കാന്‍ സര്‍ക്കാര്‍ ബദ്ധശ്രദ്ധരാണ്.


പ്രശസ്ത സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥിന്റെ അഭിപ്രായപ്രകാരം 2020, 2021 വര്‍ഷങ്ങളില്‍ ആഗോള ജി.ഡി.പിയിലുണ്ടാകുന്ന കമ്മി 9 ട്രില്യന്‍ ഡോളറിന് (684 ലക്ഷം കോടി രൂപ) തുല്യമായിരിക്കും എന്നാണ്. ജര്‍മ്മനിയുടെയും ജപ്പാന്റെയും സംയുക്ത മൊത്തം ആഭ്യന്തര ഉല്‍പാദനത്തെക്കാള്‍ കൂടിയ തുകയാണ് ഇത്. 2020 ലെ രണ്ടാം പാദ വാര്‍ഷികത്തിലെ ആഗോള വളര്‍ച്ച സൂചിക മൂന്ന് ശതമാനമായിരിക്കുമെന്നും കണക്ക് കൂട്ടുന്നു. ഇന്ത്യയുടെ 2020ലെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് രണ്ടു ശതമാനത്തില്‍ താഴെയായിരിക്കുമെന്നാണ് ഊഹിക്കപ്പെടുന്നത്. മുന്‍ ദേശീയ സാമ്പത്തിക ഉപദേഷ്ടാവായ ശങ്കര്‍ ആചാര്യ പറയുന്നത് 10 കോടി ഇന്ത്യക്കാര്‍ ഇതോടകം തൊഴില്‍ രഹിതരായിക്കഴിഞ്ഞുവെന്നാണ്. സ്വതന്ത്ര ഇന്ത്യയിലാദ്യമായി തൊഴിലില്ലായ്മ നിരക്ക് 23% ത്തിലെത്തുകയാണ്. 80% വരുന്ന രാജ്യത്തെ തൊഴിലുകളും കേന്ദ്രീകരിച്ചിട്ടുള്ള അസംഘടിത മേഖല അനിശ്ചിതമായി നിശ്ചലമായിരിക്കുന്നു. കടുത്ത ദാരിദ്ര്യവും പട്ടിണിയും ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തെ തുറിച്ചു നോക്കുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതത്തിനും ജീവസന്ധാരണത്തിനുമുള്ള കൃത്യമായ പാക്കേജുകളും ക്രയശേഷി നിലനിര്‍ത്താന്‍ നേരിട്ട് കൈകളില്‍ പണമെത്തിക്കുന്നതിനടക്കമുള്ള രീതികളും അടിയന്തിരമായി അവലംബിക്കേണ്ടതുണ്ട്.


മൂന്നാം ലോകരാജ്യങ്ങളുള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ജനതക്ക് ആശ്വാസവുമായി രംഗപ്രവേശനം ചെയ്തു കഴിഞ്ഞു. അയല്‍ രാജ്യങ്ങളായ മാലദ്വീപും, ബംഗ്ലദേശും യഥാക്രമം ജി.ഡി.പി യുടെ 3,3.5% വീതമുള്ള പാക്കേജുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ജപ്പാന്‍ ഒരു ട്രില്യണ്‍ ഡോളര്‍ പാക്കേജും അമേരിക്ക ജി.ഡി.പി യുടെ 12.5% വരുന്ന സാമ്പത്തിക പിന്‍ബലവും ജനങ്ങള്‍ക്കായി നല്‍കുകയാണ്. വിനോദ സഞ്ചാരത്തെയും, കയറ്റുമതിയെയും ആശ്രയിച്ചു നീങ്ങുന്ന സിംഗപ്പൂര്‍, തായ്‌ലന്റ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ ജി.ഡി.പിയുടെ 9 മുതല്‍ 12% വരെ പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യ ജി.ഡി.പിയുടെ 0.8% മാത്രമാണ് സാമ്പത്തിക പിന്‍ബലമായി നീക്കിവെച്ചിട്ടുള്ളത്. തുടര്‍ന്നും ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ കൊവിഡ് തീര്‍ത്തതിനെക്കാള്‍ കൂടുതല്‍ പട്ടിണിമരണങ്ങള്‍ക്ക് രാജ്യം ഇരയാവും.


പകര്‍ച്ചവ്യാധിക്കിടയില്‍ കൃത്യമായ രാഷ്ട്രീയ നീക്കങ്ങള്‍ നിര്‍ബാധം നടക്കുന്നുണ്ട്. മാര്‍ച്ച് 28ന് പ്രൈംമിനിസ്റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍ ഫണ്ട് എന്ന പി.എം. കെയര്‍ ഫണ്ട് രൂപീകരിക്കപ്പെട്ടു. 80 ജി, എഫ്.സി.ആര്‍.എ ആനുകൂല്യങ്ങള്‍ ദാതാക്കള്‍ക്കുണ്ട്. സി.എസ്.ആര്‍ ഫണ്ടുകള്‍ സ്വീകരിച്ചു തുടങ്ങിയതോടെ കോര്‍പ്പറേറ്റുകളുടെ സഹായ വിഹിതവും ഭരണാധികാരികളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. പ്രധാനമന്ത്രി ചെയര്‍മാനായ ട്രസ്റ്റില്‍ പ്രതിരോധ, ആഭ്യന്തര, ധനകാര്യ മന്ത്രിമാര്‍ക്ക് പുറമേ നാമനിര്‍ദേശം ചെയ്യപ്പെടുന്ന മൂന്ന് അംഗങ്ങള്‍ കൂടിയുണ്ട്. ഓഡിറ്റിന് വിധേയമല്ലാത്ത ട്രസ്റ്റിന്റെ മറ്റു വിശദാംശങ്ങള്‍ നല്‍കാന്‍ സാധ്യമല്ല എന്നാണ് പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ വിക്രാന്ത് ടൊഗാഡിന് പി.എം ഓഫിസ് ഏപ്രില്‍ 21ന് നല്‍കിയ മറുപടിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. സ്വതന്ത്രാധികാരമുള്ള ട്രസ്റ്റിന്റെ പിറവിയോടെ 1948 ജനുവരിയില്‍ നെഹ്‌റുവിന്റെ നിര്‍ദേശപ്രകാരം രൂപമെടുത്ത പ്രൈംമിനിസ്റ്റര്‍ നാഷണല്‍ റിലീഫ് ഫണ്ടിന്റെ (പി.എം.എന്‍.ആര്‍.എഫ്) ഭാവി കണ്ടറിയേണ്ടതുണ്ട്.


സാധാരണക്കാരെ അവഗണിച്ച് കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് പ്രകടമായ മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരുകളുടെ പൂര്‍വ മാതൃകകള്‍ 2014 ന് മുമ്പ് രാജ്യത്തില്ല എന്നു തന്നെ പറയാവുന്നതാണ്. ബോധപൂര്‍വം തിരിച്ചടവില്‍ വീഴ്ച വരുത്തിയ കോര്‍പ്പറേറ്റുകളുടെ എഴുതിത്തള്ളിയ മൊത്തം വായ്പ സംഖ്യയെക്കുറിച്ച് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ചോദ്യത്തിനു മുന്നില്‍ ധനമന്ത്രി ഊമയും ബധിരയുമായി.


എന്നാല്‍ വിവരാവകാശ പ്രവര്‍ത്തകന്‍ സാകേത് ഖോഗലെയുടെ ചോദ്യത്തിനു മറുപടി നല്‍കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമായി. മാര്‍ച്ച് 19 ന് നല്‍കിയ മറുപടി പ്രകാരം എഴുതിത്തള്ളിയ കോടികളുടെ പട്ടികയില്‍ മെഹുല്‍ ചോക്‌സിയുടെ ഗീതം ജെംസിന്റെ 5492 കോടി മുതല്‍ ബാബാ രാംദേവിന്റെ ഉപ കമ്പനിയായ രുചി സോയയുടെ 2212 കോടി രൂപ വരെയുണ്ട്. 50 പേരുടെ 68000 കോടിയിലധികം റിസര്‍വ് ബാങ്ക് എഴുതിത്തള്ളിക്കഴിഞ്ഞിരുന്നു. സാധാരണ പൗരന്റെ ജീവശ്വാസത്തിനു പോലും വിലയിട്ട് സമാശ്വാസവും സൗജന്യങ്ങളും വെട്ടി നിരത്തുന്ന സര്‍ക്കാര്‍, ഇതിനിടയിലാണ് മുതലാളിമാര്‍ക്ക് കരുതല്‍ ഒരുക്കുന്നത്. വര്‍ഗ്ഗീയ ധ്രുവീകരണത്തില്‍ പെട്ട് വോട്ട് കുത്തുന്ന യന്ത്രങ്ങളല്ല തങ്ങള്‍ എന്ന് ഇന്ത്യന്‍ പൗരന്‍ തെളിയിക്കുന്നിടത്തോളം കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുവാനാണ് സാധ്യത!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago